News - 2025

മണിപ്പൂരിൽ സമാധാനം സംജാതമാകുന്നതിനായി ജൂലൈ രണ്ടിന് പ്രാർത്ഥനാദിനമായി പ്രഖ്യാപിച്ച് സി‌ബി‌സി‌ഐ

ദീപിക 23-06-2023 - Friday

ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം സംജാതമാകുന്നതിനായി ജൂലൈ രണ്ടിന് പ്രാർത്ഥനാദിനമായി ആചരിക്കാൻ ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) ആഹ്വാനം. കത്തോലിക്ക സഭയുടെ രാജ്യത്തെ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും സന്യസ്ത ഭവനങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ദിവ്യകാരുണ്യ ആരാധന ആചരിക്കും. വിശുദ്ധ കുർബാന മധ്യേ മണിപ്പൂരിൽ സമാധാനത്തിനും സൗഹാർദത്തിനുമായി പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്നും എല്ലാ ഇടവകകളിലും മണിപ്പൂരിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സമർപ്പിച്ച് ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യ ആരാധന നടത്തണമെന്നും സിബിസിഐ പ്രസിഡന്റും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അഭ്യർത്ഥിച്ചു.

മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരി പ്രദക്ഷിണമോ സമാധാന റാലിയോ നടത്തുക, സഭയുടെ സമാധാനസന്ദേശം മറ്റുള്ളവരിലേക്കും പകരുക, മണിപ്പൂരിൽ ഭരണഘടനാവിരുദ്ധമായി നടക്കുന്ന ദുഃസ്ഥിതിക്കെതിരേ കേന്ദ്ര സർക്കാരിൽ ആശങ്ക അറിയിക്കാൻ സംഘടനകളെയും പ്രസ്ഥാനങ്ങളെയും എൻജിഒകളെയയും പ്രോത്സാഹിപ്പിക്കുക, മണിപ്പുരിൽ നിന്നുൾപ്പെടെ പലായനം ചെയ്ത് എത്തുന്ന ജനങ്ങളെ ദയാപൂർവം പരിഗണിക്കുക, സഭയുടെ എല്ലാ സ്ഥാപനങ്ങളിലും സമാധാന പ്രതിജ്ഞയെടുക്കുക തുടങ്ങിയ നിർദേശങ്ങളും സിബിസിഐ നൽകിയിട്ടുണ്ട്.

മണിപ്പൂരിലെ ദുരിതബാധിതർക്കിടയിൽ കത്തോലിക്ക സഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് ഇന്ത്യ നിസ്തുലമായ സേവനമാണു നടത്തിവരുന്നതെന്ന് സിബിസിഐ അറിയിച്ചു. ഇതിനോടകം 14,000 പേരിലേക്ക് സഹായമെത്തിക്കാൻ സംഘടനയ്ക്കായി. ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുക, സമുദായങ്ങൾക്കിടയിൽ സമാധാനവും സഹവർ ത്തിത്വവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി കാരിത്താസ് ദീർഘകാലാടിസ്ഥാനത്തിലുള്ള കർമപദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കാരിത്താസ് ഇന്ത്യയെ സഹായിക്കാൻ സഭാസ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്നും സിബിസിഐ അഭ്യർത്ഥിച്ചു.

സഹായമെത്തിക്കേണ്ട അക്കൗണ്ട് നമ്പറും വിലാസവും ചുവടെ:

Account name: Caritas India;

Account Number: 0153053000007238;

Name and address of the Bank: The South Indian Bank, 22, Regal Building Connaught Place, New Delhi - 110 001;

Bank's IFSC Code: SIBL0000153.

More Archives >>

Page 1 of 855