News - 2025

മണിപ്പൂരിലെ കലാപത്തിന്റെ ഇരകൾക്ക് കൈത്താങ്ങുമായി ഡൽഹി അതിരൂപതയും

പ്രവാചകശബ്ദം 20-06-2023 - Tuesday

ന്യൂഡല്‍ഹി: മണിപ്പൂരിൽ നടക്കുന്ന കലാപത്തിന്റെ ഇരകളായി മാറിയവർക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കി ഡൽഹി അതിരൂപത. നോർത്ത് ഈസ്റ്റ് കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഡൽഹിയുടെ സഹായത്തോടെ അവശ്യവസ്തുക്കൾ കയറ്റി അയച്ചെന്നു ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള അതിരൂപതാ കമ്മീഷന്റെ യോഗത്തില്‍ പറഞ്ഞു. ഡൽഹിയിൽ കുടുങ്ങിപ്പോയ മണിപ്പൂരി സ്വദേശികളുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ആർച്ച് ബിഷപ്പ്, അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായം നൽകണമെന്ന് വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.

മണിപ്പൂരി സ്വദേശികൾക്ക് വേണ്ടി ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ സാധിക്കുന്ന സഹായം ലഭ്യമാക്കുമെന്നു അദ്ദേഹം ഉറപ്പു നൽകി. ഇടവകകളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ വഴി ദുരിതബാധിതരുടെ ഭക്ഷ്യ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ബേസിക് എക്ലേസ്യൽ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ഫാ. സുരേഷ് ബാബു പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 30 പേരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഗാർഹിക തൊഴിലാളി ദിനത്തിലാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ ഡൽഹി അതിരൂപതാ സഹായ മെത്രാൻ ദീപക് താരു കുടിക്കാഴ്ചയിൽ പങ്കെടുക്കുന്നവരോട് സമൂഹത്തിന് ഗാർഹിക തൊഴിലാളികൾ നൽകുന്ന സേവനത്തിന് നന്ദി പറയണമെന്ന് ആഹ്വാനം ചെയ്തു.

More Archives >>

Page 1 of 854