India - 2025

ഭരണങ്ങാനത്തു അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി

പ്രവാചകശബ്ദം 20-07-2023 - Thursday

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയെ ദൂരദർശിനികൊണ്ട് കണ്ടാൽ പോരാ സൂക്ഷ്മദർശിനിയിലൂടെ ദർശിക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. വിശുദ്ധ അൽഫോൻസ തീർത്ഥാടന കേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറ്റി സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്. വിജയത്തിന്റെ അളവുകോൽ സഹനത്തെ സ്വീകരിക്കുന്ന ഹൃദയത്തിന്റെ വലിപ്പമാണ്. കൊടുങ്കാറ്റിന്റെ നടുവിൽ ദൈവത്തിൽ നങ്കുരമിട്ട് ജീവിക്കാൻ കഴിയണം. അതിവേഗം മാറുന്ന സാമൂഹിക സാഹചര്യങ്ങളിൽ നമ്മൾ നേരിടുന്ന വെല്ലുവിളികൾ അനേകമാണ്. സഭയ്ക്കുണ്ടായിരുന്ന സൽപ്പേര് ഇല്ലാതാക്കുവാനുള്ള ഗൂഢവും സംഘടിതവുമായ പ്രവർത്തനങ്ങൾ വ്യാപകമായി ഇന്ന് നടക്കുന്നുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

പാലാ രൂപതാ മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺസൺ പുള്ളീറ്റ്, ഭരണങ്ങാനം ഫൊ റോനാ പള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീർത്ഥാടന കേന്ദ്രം വൈസ് റെക്ടർ ഫാ. ജോസഫ് കീരാംതടത്തിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി തുടങ്ങിയവർ സഹകാർമികരായി.


Related Articles »