India - 2024

മണിപ്പൂരില്‍ സ്ത്രീകള്‍ കിരാതമായി പീഡിപ്പിക്കപ്പെട്ട സംഭവം: ഭരണകൂടം നിസംഗത വെടിയണമെന്ന് കെസിബിസി വിമന്‍സ് കമ്മീഷന്‍

പ്രവാചകശബ്ദം 21-07-2023 - Friday

കൊച്ചി: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വനിതകളെ മൃഗീയമായി പീഡിപ്പിക്കുകയും, നഗ്‌നരാക്കി തെരുവിലൂടെ നടത്തി ഭാരതീയ സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്ത കിരാതമായ നടപടിയ്‌ക്കെതിരെ കെസിബിസി വനിതാ കമ്മീഷന്‍ സംസ്ഥാന സമിതി പ്രതിഷേധം രേഖപ്പെടുത്തി. മെയ് മൂന്നിന് ആരംഭിച്ച കലാപം അവസാനിപ്പിക്കാന്‍ യുക്തമായ ഇടപെടലുകള്‍ ഇനിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യ നാണം കെടുത്താന്‍ ഇടയാക്കി. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളെ നിഷ്‌കരുണം നിരാകരിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും വര്‍ഗ്ഗീയ അതിക്രമങ്ങള്‍ക്കും മുന്നില്‍ ഭരണ നേതൃത്വം പുലര്‍ത്തുന്ന നിശബ്ദത ഭയാനകമാണെന്നു സംഘടന ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷാവകാശവും മതസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളാണെന്നിരിക്കെ മണിപ്പൂരില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളും അതിക്രമങ്ങളും, ദൈവാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടതും രാജ്യത്തെ മുഴുവന്‍ ക്രൈസ്ത വരെയും ഭയപ്പെടുത്തുന്നു. മണിപ്പൂരില്‍ ഇതിനകം സംഭവിച്ചിരിക്കുന്ന അക്രമ സംഭവങ്ങളുടെ യഥാര്‍ത്ഥ ചിത്രം ഇനിയും വെളിപ്പെട്ടിട്ടില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്തി അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും, ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്കും, പരിക്കേറ്റവര്‍ക്കും നീതി നടത്തിക്കൊടുക്കാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാകണം.

യഥാര്‍ത്ഥ കുറ്റവാളികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, സംസ്ഥാനത്തിന്റെ ഭരണം ശരിയായ ദിശയില്‍ പുനഃക്രമീകരിക്കാനും ആവശ്യമായ ഇടപെടലുകള്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും നടത്തണമെന്നും കെസിബിസി വനിതാ കമ്മീഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കെസിബിസി വിമന്‍സ് കമ്മീഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് സെക്രട്ടറി ശ്രീമതി ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ പാലാരിവട്ടം, പിഒസിയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍, പ്രൊഫ. റീത്താമ്മ, ആനി ജോസഫ്, ഷീജ എബ്രഹാം, മീന റോബര്‍ട്ട്, ലീന ജോര്‍ജ്ജ്, അല്‍ഫോന്‍സാ ആന്റില്‍സ്, സുനിത, ബീന പോള്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »