News

ലോക യുവജന സമ്മേളന വേദിയിൽ മലയാളം ഗാനവുമായി മ്യൂസിക് ബാൻഡായ 'മാസ്റ്റർ പ്ലാൻ'

പ്രവാചകശബ്ദം 04-08-2023 - Friday

ലിസ്ബണ്‍: ലോക യുവജന സമ്മേളനവേദിയിൽ മലയാളം ഗാനവുമായി ദുബായിൽ ആരംഭിച്ച സുവിശേഷ പ്രഘോഷണ മ്യൂസിക് ബാൻഡായ മാസ്റ്റർ പ്ലാൻ. “ഡുങ്കു ഡുങ്കു ഡുങ്കു ഡുങ്കുണു' എന്നു തുടങ്ങുന്ന ഗാനത്തിനിടെ ജീസസ് യൂത്തിന്റെ ഭാഗമായ ബാന്‍ഡ്, മലയാളത്തിന്റെ മധുരസ്വരത്തിലൂടെ യേശുവിനെ പ്രകീർത്തിക്കുകയായിരിന്നു. പഞ്ചാബി ഗാനത്തിന്റെ ഈണത്തിലുള്ള പാട്ടിനു ലോകമെമ്പാടുമുള്ള യുവജനങ്ങൾ ചുവടുവയ്ക്കുകയും സ്നേഹമുദ്രകൾ കാണിക്കുകയും ചെയ്യുന്നതിനിടയിലാണു ഗായകനായ സ്റ്റിയോ ഔസേപ്പ് “ഇരുളടഞ്ഞ വഴികളിലൂടെ ഞാൻ നടന്നീടുമ്പോൾ ആരോരുമില്ലാതെ ഞാൻ ഒറ്റയ്ക്കാകുമ്പോൾ അവനെന്റെ മുമ്പേ നടക്കും; വചനം വഴിനടത്തും എന്നും എപ്പോഴും എന്റെ കൂടെ”- എന്ന വരികൾ ആലപിക്കുകയായിരിന്നു.

ഭാഷ മനസിലായില്ലെങ്കിലും നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ താളം പിടിച്ചു. ലക്ഷക്കണക്കിനു യുവജനങ്ങളാണ് ഈ സമയം ഇവിടെയുണ്ടായിരുന്നത്. മാസ്റ്റർ പ്ലാൻ ബാന്‍ഡ് ഇത് നാലാം തവണയാണു ലോക യുവജന സമ്മേളനവേദിയിൽ പ്രോഗ്രാം അവതരിപ്പിക്കുന്നതെങ്കിലും മലയാളഗാനം ആലപിക്കുന്നത് ഇതാദ്യമാണ്. 2013ൽ ബ്രസീൽ, 2016ൽ പോളണ്ട്, 2019ൽ പനാമ എന്നിവിടങ്ങളിൽ നടന്ന ലോക യുവജന സമ്മേളനത്തിലും മാസ്റ്റർപ്ലാൻ സംഗീത പരിപാടി നടത്തിയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ ബിബിൻ വോക്കൽസും കൊച്ചി സ്വദേശിയായ ജോർജ് ഓർക്കസ്ട്രയും കോ-ഓർഡിനേറ്റ് ചെയ്യുന്ന ബാന്‍ഡില്‍ അന്തരിച്ച നടൻ എൻ.എഫ്. വർഗീസിന്റെ മകനായ സോണി വർഗീസാണ് ഒരു കീബോർഡിസ്റ്റ്. അദ്ദേഹം തന്നെയാണ് മ്യൂസിക് കോ-ഓർഡിനേറ്റ് ചെയ്യുന്നതും. മുഖ്യഗായികയായ മിനി മാത്യുവിന്റെ ഭർത്താവ് ഷെർവലാണു ലീഡ് ഗിറ്റാറിസ്റ്റ്. എഡ്വിൻ (ബേസ് ഗിറ്റാർ) എറണാകുളം സ്വദേശിയാണ്. 9 പേര്‍ അടങ്ങുന്ന ബാൻഡിൽ ഡയ്ഗോ (ഗുജറാത്തി), നീൽ (പാക്കിസ്ഥാനി) എന്നിവരൊഴികെ ഏഴുപേരും മലയാളികളാണെന്നതും ശ്രദ്ധേയമാണ്. ലോക യുവജന വേദിയിൽ മലയാളത്തിന്റെ മധുരസ്വരം അവതരിപ്പിച്ച സ്റ്റിയോ ഔസേപ്പ് ഇരിങ്ങാലക്കുട സ്വദേശിയാണ്. ജോലി സംബന്ധമായി അബുദാബിയിലാണു താമസം.

More Archives >>

Page 1 of 868