News - 2024

ലിസ്ബണില്‍ യുവജനങ്ങളെ കുമ്പസാരിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 04-08-2023 - Friday

ലിസ്ബണ്‍: ആഗോള യുവജന സംഗമത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിച്ചു. ലിസ്ബണിലെ വാസ്‌കോഡ ഗാമ ഗാർഡനിലാണ് കുമ്പസാരം നടന്നത്. പ്രത്യേകമായി വെള്ളക്കസേര തയാറാക്കിവെച്ചിരുന്ന എ-12 കുമ്പസാരക്കൂടിലേക്ക് വീൽചെയറിൽ എത്തിയ പാപ്പ കുറച്ചുകൂടി അകലെയുള്ള പുതിയ സ്ഥലത്തേക്ക് (B-12) മാറിയെന്ന് 'എ‌സി‌ഐ പ്രെന്‍സ' റിപ്പോര്‍ട്ട് ചെയ്യുന്നു. കുമ്പസാരിപ്പിക്കുവാന്‍ പർപ്പിൾ നിറത്തിലുള്ള ഊറാറയാണ് പാപ്പ ഉപയോഗിച്ചത്. സ്പാനിഷ് സ്വദേശിയായ യുവാവിനും യുവതിക്കും കുമ്പസാരിക്കാൻ അവസരം ലഭിച്ചു. ആരോഗ്യ പ്രശ്നമുള്ളതിനാല്‍ അര മണിക്കൂര്‍ സമയമാണ് പാപ്പ കുമ്പസാരിപ്പിക്കാനായി നീക്കിവെച്ചത്.

ജയില്‍ പുള്ളികളുടെ തൊഴില്‍പരമായ കഴിവുകള്‍ക്ക് മൂല്യം നല്‍കിക്കൊണ്ട് അവരെ സമൂഹത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ തടവുപുള്ളികളാണ് ലോക യുവജന ദിനത്തിന് വേണ്ട കുമ്പസാരക്കൂടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ലോകയുവജന ദിനത്തിന്റെ സംഘാടകരും, ഫൗണ്ടേഷന്‍ ആന്‍ഡ് ദി ഡയറക്ടറേറ്റ്-ജനറല്‍ ഫോര്‍ റിഇന്‍സെര്‍ഷന്‍ ആന്‍ഡ്‌ പ്രിസണ്‍ സര്‍വീസസും തമ്മില്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ 150 കുമ്പസാര കൂടുകളും കൊയിംബ്രാ, പാക്കോസ് ഡെ ഫെറേര, ഒപ്പോര്‍ട്ടോ തുടങ്ങിയ ജയിലുകളിലായാണ് ഒരുക്കിയത്. അതേസമയം യുവജനസംഗമത്തിന്റെ ഭാഗമായി വാസ്‌കോഡ ഗാമ ഗാർഡനില്‍ വിവിധ ഭാഷകളില്‍ കുമ്പസാരത്തിനായി അവസരം ക്രമീകരിച്ചിട്ടുണ്ട്.


Related Articles »