News

പാക്കിസ്ഥാനില്‍ തകര്‍ക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങള്‍ പുനരുദ്ധരിക്കുമെന്ന് ഇടക്കാല മുഖ്യമന്ത്രി

പ്രവാചകശബ്ദം 18-08-2023 - Friday

ലാഹോര്‍: പാക്കിസ്ഥാനിലെ ജരൻവാലയില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകർത്ത പള്ളികളും ക്രൈസ്തവ ഭവനങ്ങളും നാലു ദിവസത്തിനകം സർക്കാർ പുനരുദ്ധരിക്കുമെന്നു പഞ്ചാബ് പ്രവിശ്യയിലെ ഇടക്കാല മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി പ്രഖ്യാപിച്ചു. ജരൻവാലയിലുണ്ടായ സംഭവങ്ങൾ ഇസ്ലാമിനും വിരുദ്ധമാണെന്ന്, ക്രൈസ്തവ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ അദ്ദേഹം പറഞ്ഞു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചന ഉണ്ടായെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തില്‍ പാക്കിസ്ഥാൻ ഉലമ കൗൺസിൽ ക്ഷമാപണം നടത്തി. ജരൻവാല സംഭവത്തിൽ നാണക്കേടു തോന്നുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും ക്രൈസ്തവ സഹോദരങ്ങളെ സംരക്ഷിക്കുമെന്നും പാക്കിസ്ഥാൻ ഉലമ കൗൺസിൽ ചെയർമാൻ ഹാഫിസ് താഹിർ അഷ്റഫി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഫൈസലാബാദിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രൈസ്തവ വിരുദ്ധ ആക്രമണം അഴിച്ചുവിട്ടത്. പതിനഞ്ചോളം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്ത തീവ്ര ഇസ്ലാമിസ്റ്റുകള്‍ ക്രൈസ്തവര്‍ക്ക് നേരെ കൊലവിളിയും മുഴക്കി. ഇതേത്തുടര്‍ന്നു നിരവധി പേരാണ് എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തത്. ദേവാലയം അഗ്നിക്കിരയാക്കുന്നതും കുരിശ് തകര്‍ക്കുന്നതും കൊലവിളി മുഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. കലാപകാരികളെന്ന് സംശയിക്കുന്ന 129 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും റീജിയണൽ പോലീസ് മേധാവി റിസ്വാൻ ഖാൻ പറഞ്ഞു.

പാക് സൈനിക മേധാവി ജനറൽ സയ്യിദ് അസിം മുനീറും സംഭവത്തെ അപലപിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ നീതിന്യായ കോടതിയിൽ കൊണ്ടുവരുമെന്നു അദ്ദേഹം ഉറപ്പ് നല്‍കി. ഇതിനിടെ പോലീസ് സംരക്ഷണത്തില്‍ ക്രൈസ്തവര്‍ പ്രദേശത്തേക്ക് മടങ്ങിയെത്തുന്നുണ്ട്. ഫൈസലാബാദ് നഗര മേഖലയിൽ ഏഴു ദിവസത്തേക്കു 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുതരത്തിലുള്ള കൂടിച്ചേരലും അനുവദിക്കില്ല. അർധ സൈനിക വിഭാഗമായ റേഞ്ചേഴ്സിനെയും 3,000 പോലീസുകാരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

More Archives >>

Page 1 of 873