India - 2025

അപകടം ഹൃദയഭേദകം: ബിഷപ്പ് ജോസ് പൊരുന്നേടം

പ്രവാചകശബ്ദം 26-08-2023 - Saturday

മാനന്തവാടി: തലപ്പുഴ, കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരണപ്പെട്ട അപകടം ഹൃദയഭേദകമെന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം. മാനന്തവാടിയിൽ നിന്ന് ഏകദേശം ഇരുപത് കിലോമീറ്ററോളം അകലത്തിലാണ് അപകടം നടന്നത്. തോട്ടം തൊഴിലാളികളെയും കയറ്റിവന്ന ജീപ്പ് വളവും ഇറക്കവുമുള്ള റോഡിൽ നിയന്ത്രണം വിട്ട് ഏകദേശം മുപ്പതടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പതിമൂന്ന് പേരിൽ ഒമ്പത് പേരും മരിച്ചു എന്നതും അവരെല്ലാം സ്ത്രീകളാണ് എന്നതും അപകടത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു.

തോട്ടം തൊഴിലാളികളായ 9 പേരുടെയും ആകസ്മികമായ വേര്‍പാട് നാടിനെ തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ നഷ്ടവും വേദനയും എത്രയോ വലുതായിരിക്കുമെന്നും സൂചിപ്പിച്ച ബിഷപ്പ് അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ദൈവം ധൈര്യം പകരട്ടെ എന്ന പ്രാർത്ഥനയോടെ മാനന്തവാടി രൂപതയുടെ പേരിലുള്ള അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മാനന്തവാടി രൂപതാ സഹായ മെത്രാന്‍ അലക്സ് താരാമംഗലവും അനുശോചനം രേഖപ്പെടുത്തി – അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ അറിയിച്ചു.


Related Articles »