News - 2024

പാക്കിസ്ഥാനില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണത്തിന് പിന്നാലെ മതാന്തര സൗഹാര്‍ദ്ദ സമ്മേളനം സംഘടിപ്പിച്ച് സര്‍ക്കാര്‍

പ്രവാചകശബ്ദം 02-09-2023 - Saturday

ഇസ്ലാമാബാദ്: നൂറുകണക്കിന് ക്രൈസ്തവരെ പലായനത്തിലേക്ക് നയിച്ച ക്രൈസ്തവ വിരുദ്ധ ആക്രമണത്തിനു പിന്നാലേ പാക്കിസ്ഥാനില്‍ വിവിധ മതനേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് മതാന്തര സൗഹാര്‍ദ്ദ സമ്മേളനം. ഇക്കഴിഞ്ഞ ബുധനാഴ്ച പാക്കിസ്ഥാനിലെ റിലീജിയസ് അഫയേഴ്സ് വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തില്‍ മതനേതാക്കള്‍ക്ക് പുറമേ, വിദേശ നയതന്ത്ര പ്രതിനിധികളും, പൗര പ്രമുഖരും പങ്കെടുത്തു. മതനിന്ദ ആരോപിച്ച് രോഷാകുലരായ മുസ്ലീം ജനക്കൂട്ടം ജരന്‍വാലയിലെ ക്രിസ്ത്യാനികളെ ആക്രമിക്കുകയും അവരുടെ വീടുകള്‍ ചുട്ടെരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ്‌ സമ്മേളനം വിളിച്ചു കൂട്ടിയത്.

വര്‍ഗ്ഗീയ കലാപങ്ങള്‍ തടയുന്നതിനും, പരിഹരിക്കുന്നതിനുമായി ദേശീയ പാഠ്യപദ്ധതിയിലും, സാമുദായിക സമാധാനപാലനത്തിലും മതാന്തര വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തണമെന്നു സമ്മേളനത്തില്‍ പങ്കെടുത്ത മതനേതാക്കള്‍ സംയുക്ത പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെട്ടു. ജരന്‍വാല നഗരത്തിലെ രണ്ട് ക്രൈസ്തവര്‍ ഖുറാന്‍ നിന്ദിച്ചുവെന്നാരോപിച്ചുകൊണ്ട് രോഷാകുലരായ മുസ്ലീം ജനക്കൂട്ടം നിരവധി ദേവാലയങ്ങളും, ക്രിസ്ത്യന്‍ വീടുകളും തകര്‍ത്തിരിന്നു. ജരന്‍വാല സംഭവത്തില്‍ മുഴുവന്‍ രാഷ്ട്രവും ക്രിസ്ത്യാനികള്‍ക്കൊപ്പമുണ്ടെന്നു റിലീജിയസ് അഫയേഴ്സ് മന്ത്രി അനീക്ക് അഹ്മദ് പറഞ്ഞു.

വിവിധ മതങ്ങളെ കുറിച്ച് ആഴത്തിലുള്ള ധാരണ പ്രോത്സാഹിപ്പിക്കുന്നതിനും, പൊതു സ്വീകാര്യതയുടെ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനും, എല്ലാ തലങ്ങളിലുമുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതികളിലേക്ക് മതാന്തര വിദ്യാഭ്യാസം സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യത്തേക്കുറിച്ച് എടുത്തു പറയുകയാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വര്‍ഗ്ഗീയ ലഹളകളും, വിദ്വേഷ കുറ്റകൃത്യങ്ങളും തടയുവാന്‍ നിയമ പാലക സംവിധാനങ്ങള്‍ തങ്ങളുടെ ശ്രമങ്ങള്‍ ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ജരന്‍വാലയില്‍ സംഭവിച്ചത് ഇനി സംഭവിക്കരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തിനിരയായ ഓരോ ക്രിസ്ത്യന്‍ കുടുംബത്തിനും പഞ്ചാബ് പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റ് 20 ലക്ഷം റുപ്പീസ് ($6,751.05) ദുരിതാശ്വാസമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ ക്രിസ്ത്യന്‍ മുസ്ലീം സമൂഹങ്ങളില്‍ നിന്നുള്ള 24 പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മതസൗഹാര്‍ദ്ദ കമ്മിറ്റി രൂപീകരിക്കുവാന്‍ പാകിസ്ഥാനി ഉലെമാ കൗണ്‍സിലും, ചര്‍ച്ച് ഓഫ് പാകിസ്ഥാനും തീരുമാനിച്ചിരിക്കുകയാണ്. സാല്‍വേഷന്‍ ആര്‍മി ചര്‍ച്ച്, സെന്റ്‌ പോള്‍ കത്തോലിക്ക ദേവാലയം എന്നിവ കൂടാതെ മൂന്ന്‍ ചെറു ദേവാലയങ്ങളും, ക്രിസ്ത്യന്‍ സെമിത്തേരിയും, നിരവധി ക്രിസ്ത്യന്‍ ഭവനങ്ങളും ആക്രമിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.


Related Articles »