News - 2025
മോൺ. ജോർജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം ഇന്ന് റോമില്‍
പ്രവാചകശബ്ദം 09-09-2023 - Saturday
വത്തിക്കാൻ സിറ്റി: കസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്കാ സഭാ വൈദികൻ മോൺ. ജോർജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം ഇന്നു വൈകിട്ട് അഞ്ചിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുക. മോൺ. ജോർജ് പനന്തുണ്ടിലിനോടൊപ്പം ഐവറികോസ്റ്റിലെ പുതിയ സ്ഥാനപതി കൊളംബിയ സ്വദേശി മോൺ. മൗറീസിയോ റൂവേഡയും മെത്രാന്‍ പട്ടം സ്വീകരിക്കും.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നു മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായിൽനിന്നു മോൺ. ജോർജ് പനന്തുണ്ടില്‍ റമ്പാൻ പട്ടം സ്വീകരിച്ചിരിന്നു. വത്തിക്കാനിലെ ചടങ്ങില്‍ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കൊളംബിയൻ കർദിനാൾ റൂബൻ സലാസർ ഗോമസും സഹകാർമികരായിരിക്കും. തുർന്ന് പോൾ ആറാമൻ ഹാളിൽ നിയുക്ത ആർച്ച് ബിഷപ്പുമാർക്ക് സ്വീകരണം നൽകും.
നാളെ രാവിലെ പുതിയ സ്ഥാനപതിമാരും കുടുംബാംഗങ്ങളും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മോൺ. ജോർജ് ഇപ്പോൾ പ്രവർത്തിക്കുന്ന സൈപ്രസിൽനിന്നും കേരളത്തിൽനിന്നും അതിഥികൾ റോമിലെത്തിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞു നാലിന് നിയുക്ത ആർച്ച് ബിഷപ്പ് ജോർജ് പനന്തുണ്ടിൽ വത്തിക്കാൻ സിറ്റി സ്റ്റേറ്റിലെ ഗവർണറുടെ ചാപ്പലിൽ കൃതജ്ഞതാബലി അർപ്പിക്കും. മലങ്കര സുറിയാനി കത്തോലിക്ക സഭയിൽനിന്ന് വത്തിക്കാൻ അംബാസഡറായി നിയമിക്കപ്പെടുന്ന പ്രഥമ വൈദികനാണ് മോൺ. ജോർജ് പനന്തുണ്ടില്‍.