News

റഷ്യയില്‍ തടവില്‍ കഴിയുന്ന യുക്രൈന്‍ വൈദികരുടെ കുരിശും ജപമാലയും ഫ്രാന്‍സിസ് പാപ്പക്ക് കൈമാറി

പ്രവാചകശബ്ദം 09-09-2023 - Saturday

വത്തിക്കാന്‍ സിറ്റി: യുക്രൈനില്‍ നിന്നും റഷ്യ തടവിലാക്കിയ റിഡംപ്റ്ററിസ്റ്റ് വൈദികര്‍ ഉപയോഗിച്ചിരുന്ന മിഷ്ണറി കുരിശും പ്രാര്‍ത്ഥനാ പുസ്തകവും ജപമാലയും ഫ്രാന്‍സിസ് പാപ്പക്ക് കൈമാറി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് രാവിലെ വത്തിക്കാനില്‍വെച്ച് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭ മെത്രാന്മാരുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭാതലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്കാണ് ഇവ ഫ്രാന്‍സിസ് പാപ്പക്ക് കൈമാറിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16ന് ബെര്‍ഡ്യാന്‍ങ്കില്‍വെച്ച് റഷ്യന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്ത തടവിലാക്കിയ ഫാ. ഐവാന്‍ ലെവിറ്റ്സ്കി, ഫാ. ബോഹ്ദാന്‍ ഹെലെറ്റ എന്നിവര്‍ ഉപയോഗിച്ചിരുന്ന കുരിശും, കൊന്തയും, പ്രാര്‍ത്ഥനാ പുസ്തകവുമാണ് കൈമാറിയത്.

“അമൂല്യ നിധി” എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മെത്രാപ്പോലീത്ത ഷെവ്ചുക്ക് ഇവ പാപ്പക്ക് കൈമാറിയത്. യുക്രൈനില്‍ അധികം താമസിയാതെ തന്നെ നീതിയുക്തമായ സമാധാനം കൈവരുമെന്ന പ്രതീക്ഷയില്‍ ഇത് അങ്ങേക്ക് നല്‍കുകയാണെന്ന വാക്കുകളോടെയാണ് മെത്രാപ്പോലീത്ത ഇവ ഫ്രാന്‍സിസ് പാപ്പയ്ക്കു കൈമാറിയത്. യുദ്ധത്തടവുകാരെ പ്രത്യേകിച്ച് യുക്രൈന്‍ ഓര്‍ത്തഡോക്സ് സഭാ വൈദികരെ മോചിപ്പിക്കുവാനുള്ള പാപ്പയുടെയും, പരിശുദ്ധ സിംഹാസനത്തിന്റെയും ശ്രമങ്ങള്‍ തുടരണമെന്നും മെത്രാന്മാര്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു.

തടവിലാക്കപ്പെട്ട രണ്ടു മിഷ്ണറി വൈദികരുടെയും ആരോഗ്യത്തേക്കുറിച്ചും, ഇപ്പോഴത്തെ അവസ്ഥയേക്കുറിച്ചും കഴിഞ്ഞ ക്രിസ്തുമസിനു ശേഷം യാതൊരു വിവരവുമില്ലെന്നു ദി മോസ്റ്റ്‌ ഹോളി റെഡീമര്‍ സന്യാസ സമൂഹം ‘ഏജന്‍സിയ ഫിദെസ്’നോട് വ്യക്തമാക്കിയിരിന്നു.അറസ്റ്റിലാകുന്ന സമയത്ത് ഇരു വൈദികരും തെക്ക്-കിഴക്കന്‍ യുക്രൈനിലെ തുറമുഖ നഗരമായ ബെര്‍ഡ്യാന്‍ങ്കിലെ നേറ്റിവിറ്റി ഓഫ് ദി വിര്‍ജിന്‍ മേരി ദേവാലയത്തില്‍ സേവനം ചെയ്തു വരികയായിരുന്നു. ഈ പ്രദേശങ്ങള്‍ ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്.

യുദ്ധത്തിന്റെ തുടക്കത്തിലും (ഫെബ്രുവരി 24, 2022), പിന്നീട് ബെര്‍ഡ്യാന്‍ങ്ക് റഷ്യയുടെ നിയന്ത്രണത്തിലായ ശേഷവും വിശ്വാസികള്‍ക്ക് ആത്മീയവും, മാനുഷികവുമായ സേവനങ്ങള്‍ നല്‍കിക്കൊണ്ട് നഗരത്തില്‍ തന്നെ തുടരുവാന്‍ ഈ വൈദികര്‍ തീരുമാനിച്ചു. സ്ഫോടക വസ്തുക്കളും, ആയുധങ്ങളും ദേവാലയ പരിസരത്തും, തങ്ങളുടെ വീടിനടിയിലും ഒളിപ്പിച്ചുവെച്ചു എന്ന വ്യാജ ആരോപണമാണ് ഇവര്‍ക്ക് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 23-നും 24-നും റഷ്യന്‍ ടെലിവിഷനായ സ്വിയെസ്ദ ഫാ. ഐവാന്‍ ലെവിറ്റ്സ്കിയെ ചോദ്യം ചെയ്യുന്നതിന്റെ സംക്ഷിപ്ത രൂപം പുറത്തുവിട്ടിരിന്നു. സംപ്രേഷണം ചെയ്ത ചിത്രങ്ങളില്‍ ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്നതിന്റെ അടയാളങ്ങള്‍ വൈദികന്റെ മുഖത്ത് പ്രകടമായിരിന്നു.

More Archives >>

Page 1 of 881