News

ഭ്രൂണഹത്യ അനുകൂല പരസ്യ ക്യാമ്പയിനുമായി ബൈഡൻ: പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ

പ്രവാചകശബ്ദം 12-09-2023 - Tuesday

വാഷിംഗ്ടണ്‍ ഡി‌സി: മാരക തിന്മയായ ഭ്രൂണഹത്യയെ മഹത്വവത്ക്കരിക്കുന്ന നയങ്ങളെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്റെ പുതിയ ഭ്രൂണഹത്യ അനുകൂല പരസ്യ ക്യാമ്പയിനെതിരെ പ്രതിഷേധവുമായി പ്രോലൈഫ് സംഘടനകൾ. 'ദീസ് ഗയിസ്' എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

2020-ലെ ഇലക്ഷനിൽ ചെറിയ ഭൂരിപക്ഷത്തിൽ ബൈഡൻ വിജയിച്ച അരിസോണ, ജോർജിയ, മിഷിഗൺ, പെൻസിൽവാനിയ, നെവാഡ, വിസ്കോൺസിൻ ഇനി ആറ് സംസ്ഥാനങ്ങളിലാണ് ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. ഭ്രൂണഹത്യ സ്ത്രീകളുടെ അവകാശമെന്ന രീതിയില്‍ അവതരിപ്പിച്ചുക്കൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം.

അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് കേസിലെ വിധിക്ക് സാധുത ഇല്ലാതാക്കിയത് താനാണെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നതും ഇതിനെ വിമര്‍ശന വിധേയമാക്കുന്നതും വീഡിയോയിലുണ്ട്. ഫ്ലോറിഡ സംസ്ഥാനത്ത് 6 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിച്ചുകൊണ്ട് ഗവർണർ റോൺ ഡിസാൻറ്റിസ് ഇറക്കിയ ഉത്തരവിനെ പറ്റിയും പരസ്യ വീഡിയോയിൽ പരാമർശിക്കുന്നു.

സംസ്ഥാനങ്ങൾ ഭ്രൂണഹത്യ നിരോധന നിയമങ്ങൾ പാസാക്കുന്നത് തടയാൻ റോ വെസ് വേഡ് കേസിലെ വിധി ദേശീയ നിയമത്തിൽ എഴുതി ചേർക്കാൻ ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളും പരസ്യത്തിൽ പ്രമേയമാക്കിയിട്ടുണ്ട്. പ്രസിഡന്റിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

അമേരിക്കയുടെ ചരിത്രത്തിൽ ഭ്രൂണഹത്യയെ ഏറ്റവും കൂടുതൽ പിന്തുണച്ച പ്രസിഡന്റാണ് ജോ ബൈഡനെന്നും, അദ്ദേഹത്തിന്റെ നിലപാട് എത്ര തീവ്രമാണെന്നു ഈ പരസ്യം കാണിച്ചുതരികയാണെന്നും 'നാഷ്ണൽ റൈറ്റ് റ്റു ലൈഫ്' എന്ന പ്രോലൈഫ് സംഘടനയുടെ വക്താവ് ലൗറ എക്കിവാരിയ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. പ്രസിഡന്റിന്റെത് തീവ്ര നിലപാടാണെന്ന് പ്രോലൈഫ് സംഘടനയായ സൂസൻ പി ആന്റണി പ്രോലൈഫ് അമേരിക്കയുടെ പ്രസിഡന്റ് മർജോറി ഡാനൻഫെൽസറും വ്യക്തമാക്കി. ഇപ്പോൾ പുറത്തിറക്കിയ പരസ്യം ഭ്രൂണഹത്യക്ക് യാതൊരു നിയന്ത്രണവും നിർദ്ദേശിക്കുന്നില്ലായെന്ന് ഡാനൻഫെൽസർ പറഞ്ഞു.

ഇതിനിടെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളിൽ മൈക്ക് പെൻസും, റിക്ക് സകോട്ടും പ്രസിഡൻറ് സ്ഥാനത്ത് എത്തിയാൽ ദേശീയതലത്തിൽ 15 ആഴ്ചകൾക്ക് ശേഷം ഭ്രൂണഹത്യ നിരോധിക്കുമെന്ന് അവകാശപ്പെട്ടിട്ടുണ്ട്. എതിര്‍ പക്ഷത്തു ഭ്രൂണഹത്യ എന്ന മാരക തിന്മയെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന ഡെമോക്രാറ്റിക് നേതാവാണ് യുഎസ് പ്രസിഡന്‍റ് ബൈഡന്‍.

കത്തോലിക്ക വിശ്വാസി എന്ന് സ്വയം അവകാശപ്പെടുമ്പോഴും യാതൊരു ധാര്‍മ്മികതയും ഇല്ലാതെ നിലകൊള്ളുന്ന ജോ ബൈഡന്റെ നിലപാടുകളെ അമേരിക്കന്‍ മെത്രാന്‍ സമിതി ഉള്‍പ്പെടെ അപലപിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നതിനാല്‍ ബൈഡന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് വിശുദ്ധ കുര്‍ബാന നിഷേധിക്കണമെന്ന പ്രചരണം രാജ്യത്തു ഇപ്പോഴും വളരെ ശക്തമാണ്. നിരവധി മെത്രാന്മാരും ഇതിനെ പിന്താങ്ങുന്നുണ്ട്.

ഭ്രൂണഹത്യ അനുകൂല നയങ്ങളോടൊപ്പം കഴിഞ്ഞ ഡിസംബറില്‍ സ്വവർഗ്ഗ വിവാഹത്തിന് ദേശീയതലത്തിൽ കൂടുതൽ അവകാശങ്ങൾ നൽകുന്ന ബില്ലിൽ ജോ ബൈഡൻ ഒപ്പുവച്ചതും വ്യാപക വിമര്‍ശനത്തിന് കാരണമായി. ക്രിസ്തീയ ധാര്‍മ്മികതയ്ക്കു വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ജോ ബൈഡനെ അപലപിച്ചു നേരത്തെ അമേരിക്കൻ മെത്രാൻ സമിതി പരസ്യമായി രംഗത്തുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

Tag: Biden support abortion, malayalam, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »