News - 2025
യുക്രൈനിലെ സമാധാന ദൗത്യം: പേപ്പല്‍ പ്രതിനിധി ചൈനയില്‍ ചര്‍ച്ച നടത്തി
പ്രവാചകശബ്ദം 18-09-2023 - Monday
ബെയ്ജിംഗ്: റഷ്യന്‍ അധിനിവേശത്താല്‍ ദയനീയമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനുള്ള വത്തിക്കാന്റെ ശ്രമങ്ങളുടെ ഭാഗമായി പേപ്പല്‍ പ്രതിനിധി കര്‍ദ്ദിനാള്‍ മരിയ സുപ്പി ചൈനയില്‍ സന്ദര്‍ശനം നടത്തി. ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തില്‍വെച്ച് യൂറേഷ്യന്‍ അഫയേഴ്സ് വിഭാഗത്തിന്റെ പ്രത്യേക പ്രതിനിധിയായ ലി ഹുയിയുമാട്ടാണ് കര്‍ദ്ദിനാള്‍ സുപ്പി ചര്‍ച്ച നടത്തിയതെന്നു വത്തിക്കാന്‍ പ്രസ്താവിച്ചു. സൗഹൃദപരമായ തുറന്ന അന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച. യുക്രൈനിലെ യുദ്ധവും അതിന്റെ നാടകീയ അനന്തരഫലങ്ങളെക്കുറിച്ചും ചര്‍ച്ചയില്‍ വിഷയമായി.
സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ക്കായി ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരിശുദ്ധ സിംഹാസനവും ചൈനയും ചര്‍ച്ച നടത്തിയെന്നും വത്തിക്കാന്‍ പ്രസ്താവിച്ചു. ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി ഉടന്‍ തന്നെ പുനരാരംഭിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇരു നേതാക്കളും പങ്കുവെച്ചു. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കരിങ്കടലില്‍ (Black Sea) റഷ്യന്‍ നാവികസേന ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ യുക്രൈന്റെ ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി തടസ്സപ്പെട്ടിരിക്കുകയാണ്. ചൈനക്ക് എല്ലാ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുണ്ടെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ മാവോ നിങ് അടുത്തിടെ പറഞ്ഞിരിന്നു.
സെപ്റ്റംബര്‍ 13 ബുധനാഴ്ച രാവിലെ ബെയ്ജിംഗിലെത്തിയ കര്‍ദ്ദിനാള്‍ സുപ്പി സെപ്റ്റംബര്‍ 15-നാണ് മടങ്ങിയത്. ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക ദൂതനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ സൂപ്പി റഷ്യയിലും യുക്രൈനിലും സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി കീവ്, മോസ്കോ, വാഷിംഗ്‌ടണ്‍ ഡി.സി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് നയതന്ത്ര സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും, യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കും വേണ്ടി കത്തോലിക്കാ സഭ ചെയ്യുന്ന നിസ്തുല സേവനങ്ങള്‍ക്ക് യുക്രൈന്‍ ജനത നന്ദി അറിയിച്ചിരുന്നു.