News - 2025

അർമേനിയയിലേക്കു കൂട്ട പലായനവുമായി നാഗോര്‍ണോ - കരാബാക്ക് മേഖലയിലെ ക്രൈസ്തവർ

പ്രവാചകശബ്ദം 26-09-2023 - Tuesday

യെരവാൻ: ഇസ്ലാമിക രാജ്യമായ അസർബൈജാന്‍ നിയന്ത്രണം സ്വന്തമാക്കിയ നാഗോര്‍ണോ - കരാബാക്ക് മേഖലയിലെ ക്രൈസ്തവർ അർമേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി. ഇതിനോടകം മൂവായിരത്തോളം പേർ അർമേനിയയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമമായ 'ബിബിസി' റിപ്പോർട്ട് ചെയ്തു. എല്ലാ ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾ ഭവനരഹിതരാണെന്നും പാർപ്പിടവും ഭക്ഷണവും വെള്ളവും അവര്‍ക്ക് ഇല്ലെന്നും പ്രദേശത്തെ അർമേനിയൻ ക്രിസ്ത്യാനികളെ സഹായിക്കുന്നതിനായി 2011-ൽ ആരംഭിച്ച ക്രിസ്ത്യൻസ് ഇൻ നീഡ് ഫൗണ്ടേഷൻ വെളിപ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിന് അർമേനിയക്കാർ തെരുവുകളിൽ ഉറങ്ങുന്നു, അവർക്ക് കുടിക്കാൻ വെള്ളം പോലും ഇല്ല, സ്കൂളിനടുത്തുള്ള ഏക ബേക്കറിക്ക് മുന്നിൽ 2,000 പേര്‍ നീളുന്ന വരികളാണ് ഉള്ളതെന്നും എല്ലാവരും നിരാശരാണെന്നും സംഘടന അറിയിച്ചു.

മുൻ സോവിയറ്റ് പ്രദേശങ്ങളായ അർമേനിയയും അസർബൈജാനും പതിറ്റാണ്ടുകളായി നാഗോര്‍ണോ - കരാബാക്കിനെ ചൊല്ലി യുദ്ധം ചെയ്യുകയാണ്. തുർക്കിയുടെ പിന്തുണയോടെ, 2020 നവംബറിൽ അവസാനിച്ച രണ്ടാം യുദ്ധത്തിൽ അസർബൈജാൻ അർമേനിയയുടെ മേൽ സൈനിക ആധിപത്യം ഉറപ്പിച്ചു. 1,20,000 അർമേനിയൻ വംശജരാണ് നാഗോർണോയിലുള്ളത്. ഇവരെ തുല്യ പൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്ലിം ഭൂരിപക്ഷ അസർബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, നാഗോർണോയിൽ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അർമേനിയൻ സർക്കാർ മുന്നറിയിപ്പു നല്കി. ഇത് സാധൂകരിക്കുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്തംബർ 19-ന്, അസർബൈജാൻ സൈനിക ആക്രമണം ആരംഭിച്ചു. ആക്രമണത്തിൽ ഇരുനൂറിലധികം അർമേനിയക്കാരും നിരവധി പൌരന്മാരും കൊല്ലപ്പെട്ടതായി ആർട്സാഖ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

1988 മുതല്‍ അര്‍മേനിയക്കാര്‍ ആർട്സാഖ് എന്ന്‍ വിളിക്കുന്ന നാഗോര്‍ണോ - കരാബാക്ക് മേഖലയെ ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും പോരാട്ടത്തിലാണ്. അര്‍മേനിയക്കാര്‍ മേഖലയെ തിരിച്ചുപിടിക്കുവാനും, അസര്‍ബൈജാന്‍ ക്രിസ്ത്യാനികളെ മേഖലയില്‍ നിന്നും തുടച്ചുനീക്കുവാനുമാണ് ശ്രമിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ വംശഹത്യക്കിരയാക്കി കുപ്രസിദ്ധി നേടിയിട്ടുള്ള തുര്‍ക്കിയുടെ പിന്തുണ അസര്‍ബൈജാന് വലിയ ബലമാണ്. ലാച്ചിന്‍ കോറിഡോര്‍ എന്നറിയപ്പെടുന്ന ഇടുങ്ങിയ റോഡില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അസര്‍ബൈജാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഏതാണ്ട് 1,20,000 അര്‍മേനിയന്‍ ക്രൈസ്തവര്‍ സ്വന്തം രാജ്യത്തുനിന്നും മുറിച്ച് മാറ്റപ്പെട്ടപോലെ ഒറ്റപ്പെട്ട നിലയില്‍ കഴിയുകയായിരിന്നു. ഇവരാണ് അക്രമ ഭീഷണിയില്‍ പലായനം ചെയ്യുന്നത്.

More Archives >>

Page 1 of 886