News

ചൈനീസ് ക്രൈസ്തവരുടെ ജീവിതത്തെ കേന്ദ്രമാക്കി ഫോട്ടോ പ്രദര്‍ശനം അമേരിക്കയില്‍

പ്രവാചകശബ്ദം 27-09-2023 - Wednesday

ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണിലെ റിച്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈനീസ്‌ വെസ്റ്റേണ്‍ കള്‍ച്ചറല്‍ ഹിസ്റ്ററി സംഘടിപ്പിക്കുന്ന ചൈനയിലെ ഗ്രാമീണ മേഖലയിലെ കത്തോലിക്കരുടെ ജീവിതത്തിന്റെ നേര്‍രേഖ വെളിപ്പെടുത്തുന്ന “ഓണ്‍ ദി റോഡ്‌ : ദി കാത്തലിക് ഫെയിത്ത് ഇന്‍ ചൈന” ഫോട്ടോപ്രദര്‍ശനം ബോസ്റ്റണ്‍ കോളേജില്‍ പുരോഗമിക്കുന്നു. ലോക പ്രശസ്ത ഫോട്ടോഗ്രാഫറായ ലു നാന്‍ 1992 മുതല്‍ 1996 വരെ ചൈനയിലെ 10 പ്രവിശ്യകളിലെ ഗ്രാമീണ മേഖലകളിലൂടെ സന്ദര്‍ശിച്ച് തന്റെ കാമറയില്‍ ഒപ്പിയെടുത്ത ചൈനയിലെ ഗ്രാമീണ കത്തോലിക്കരുടെ ജീവിതത്തിന്റെ അറുപതോളം ഫോട്ടോകളാണ് പ്രദര്‍ശനത്തിലുള്ളത്. ഡിസംബര്‍ 22 വരെ പ്രദര്‍ശനം നീളും.

ചൈനീസ്-പാശ്ചാത്യ സാംസ്കാരിക കൈമാറ്റത്തേക്കുറിച്ചുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷണ സ്ഥാപനമാണ്‌ റിച്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈനീസ്‌ വെസ്റ്റേണ്‍ കള്‍ച്ചറല്‍ ഹിസ്റ്ററി. ബോസ്റ്റണ്‍ കോളേജിന്റെ തിയോളജി ആന്‍ഡ്‌ മിനിസ്ട്രി (എസ്.ടി.എം) ലൈബ്രറിയില്‍ 50 ഫോട്ടോകളും, ബാക്കി വരുന്ന 10 ഫോട്ടോകള്‍ ഒ’നെയില്‍ ലൈബ്രറി ഗാലറിയിലുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചൈനയിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായ ലു, മനുഷ്യന്റെ അന്തസ്സും, മാനുഷിക സാഹചര്യങ്ങളുടെ ബുദ്ധിമുട്ടും ഒപ്പിയെടുക്കുന്നതില്‍ സമാനതകളില്ലാത്ത ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നതെന്നു പ്രദര്‍ശനത്തിന്റെ സംഘാടകര്‍ പറയുന്നു. ചൈനയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന മതന്യൂനപക്ഷങ്ങളുടെയും സമൂഹങ്ങളുടെയും ജീവിതത്തേക്കുറിച്ചുള്ള അന്വേഷണമാണ് ലുവിന്റെ ഫോട്ടോകള്‍.

യുന്നാന്‍ മുതല്‍ ടിബറ്റ് വരെയുള്ള കത്തോലിക്കരുടെ ജീവിതത്തിലാണ് ലു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 5 വിഭാഗങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന ഫോട്ടോ ശേഖരം ലൂ കണ്ടുമുട്ടിയ ചൈനീസ് കത്തോലിക്കരുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും വിവിധ വശങ്ങളുടെ നേര്‍സാക്ഷ്യമാണ്. ഇത് അതിര്‍ത്തിക്കപ്പുറമുള്ള വിശ്വാസ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാട്ടുന്നുവെന്നു റിച്ചി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ എം. അന്റോണി ജെ. ഉസെര്‍ലര്‍ പറഞ്ഞു. ഫോട്ടോകള്‍ ഒപ്പിയെടുക്കുന്നതിനായി ഏതാണ്ട് നൂറോളം ദേവാലയങ്ങളും ലൂ സന്ദര്‍ശിച്ചിട്ടുണ്ട്. ചൈനയിലെ ഗ്രാമീണ കത്തോലിക്കരുടെ ദാരിദ്ര്യവും, ബുദ്ധിമുട്ടുകളും വെളിപ്പെടുത്തുന്നതാണ് ലൂവിന്റെ ഫോട്ടോകളെന്ന് പൊതുവേ വിലയിരുത്തലുണ്ട്.

More Archives >>

Page 1 of 886