News
നൈജീരിയയില്‍ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ: കുട്ടികള്‍ ഉള്‍പ്പെടെ 11 ക്രൈസ്തവരെ കൊലപ്പെടുത്തി
പ്രവാചകശബ്ദം 06-10-2023 - Friday
അബുജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 4 ദിവസങ്ങള്‍ക്കുള്ളില്‍ ഫുലാനി ഗോത്രവര്‍ഗ്ഗക്കാരും മറ്റ് തീവ്രവാദികളും നടത്തിയ ആക്രമണങ്ങളില്‍ 2 കുട്ടികള്‍ ഉള്‍പ്പെടെ 11 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഞായറാഴ്ച ബാസ്സാ കൗണ്ടിയിലെ ക്വാള്‍ ജില്ലയിലെ ഡൂ വില്ലേജില്‍ നടന്ന ആക്രമണത്തില്‍ 9, 11 വയസ്സ് പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ അതിദാരുണമായി കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നു ഇരിഗ്വെ ഡെവലപ്മെന്റ് അസോസിയേഷന്റെ (ഐ.ഡി.എ) ഔദ്യോഗിക വക്താവായ ഡേവിഡ്സണ്‍ മാലിസണ്‍ വെളിപ്പെടുത്തി.
ഞായറാഴ്ച രാത്രി നടന്ന സംഭവം ഇക്കഴിഞ്ഞ ദിവസമാണ് പുറംലോകം അറിയുന്നത്. ഫുലാനികള്‍ ഉറങ്ങിക്കിടന്നിരുന്ന നിരപരാധികളായ ക്രൈസ്തവര്‍ക്കെതിരെ തുരുതുരാ വെടിവെക്കുകയായിരിന്നുവെന്നും തീവ്രവാദികളും ഗോത്രവര്‍ഗ്ഗക്കാരും ചേര്‍ന്ന് ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന വംശഹത്യയുടെ തുടര്‍ച്ചയാണിതെന്നും ഡേവിഡ്സണ്‍ പറയുന്നു. പ്ലേറ്റോ സംസ്ഥാനത്തിലെ തന്നെ മാങ്ങു കൗണ്ടിയിലെ അതുഹുണ്‍ പാന്യാം ഗ്രാമത്തില്‍ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന്‍ പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശികവാസികള്‍ അറിയിച്ചിട്ടുണ്ട്. പ്രാദേശിക ക്രിസ്ത്യന്‍ സാമുദായിക നേതാക്കളായ ലോങ്ങ്സേ ജോക്ലെ, ജോഷ്വ ഗുഫ്വം എന്നിവര്‍ ഈ ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തി.
കൊല്ലപ്പെട്ട മൂന്ന്‍ പേരുടേയും മൃതദേഹങ്ങള്‍ അവര്‍ ജോലിചെയ്തിരുന്ന വയലില്‍ നിന്നുമാണ് കണ്ടെത്തിയതെന്നും മൃതദേഹങ്ങള്‍ അടക്കം ചെയ്തുവെന്നും ലോങ്ങ്സേയും, ജോഷ്വയും പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പ്ലേറ്റോ സംസ്ഥാനത്തിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ തടയുവാന്‍ ഇരു നേതാക്കളും നൈജീരിയന്‍ സുരക്ഷ ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതില്‍ നൈജീരിയന്‍ സര്‍ക്കാര്‍ പരാജയമാണെന്ന ആരോപണം വളരെക്കാലം മുന്‍പേ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്.
2022-ല്‍ വിശ്വാസത്തിന്റെ പേരില്‍ 5014 ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് നൈജീരിയയിലാണ്. ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നതിലും ലൈംഗീകവും, മാനസികവുമായി പീഡിപ്പിക്കപ്പെടുന്നതിലും നൈജീരിയതന്നെയാണ് ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. അന്താരാഷ്‌ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ ഇക്കൊല്ലത്തെ ‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ പ്രകാരം ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടേറിയ 50 രാഷ്ട്രങ്ങളില്‍ ആറാമതാണ് നൈജീരിയയുടെ സ്ഥാനം.