News - 2024

നവ കർദ്ദിനാളുമാരെ സ്വീകരിച്ച് ഇറ്റാലിയൻ രാഷ്ട്രപതി

പ്രവാചകശബ്ദം 07-10-2023 - Saturday

വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ സെപ്റ്റംബർ മുപ്പതാം തീയതി പുതിയതായി സ്ഥാനാരോഹണം ചെയ്യപ്പെട്ട ഇറ്റലിക്കാരായ മൂന്നു കർദ്ദിനാളുമാരെ ഇറ്റാലിയൻ രാഷ്ട്രപതി സെർജിയോ മത്തരെല്ല ഔദ്യോഗിക വസതിയിൽ സ്വീകരിച്ചു. സെപ്റ്റംബർ മുപ്പതാം തീയതി വത്തിക്കാനിൽവെച്ച് നടന്ന കൺസിസ്റ്ററിയിൽ പുതിയതായി ഇരുപത്തിയൊന്നു കർദ്ദിനാളുമാരാണ് സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. അവരിൽ ഇറ്റലിക്കാരായ ക്ലൗഡിയോ ഗുജറോത്തി, പിയർബാറ്റിസ്റ്റ പിസബല്ല, അഗസ്തിനോ മർക്കെത്തോ എന്നിവരെ ഇറ്റാലിയൻ രാഷ്ട്രപതി സെർജോ മത്തരെല്ല തന്റെ ഔദ്യോഗിക വസതിയായ ക്വിരിനാലേ കൊട്ടാരത്തിൽ സ്വീകരിക്കുകയും, അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയുമായിരിന്നു.

പുതിയതായി കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെടുന്ന ഇറ്റലിക്കാരായവരെ രാഷ്ട്രപതി ഇപ്രകാരം സ്വീകരിക്കുന്നതും അവരോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുന്നതും വര്‍ഷങ്ങളായുള്ള പാരമ്പര്യമാണ്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, ഇറ്റലിയിലേക്കുള്ള അപ്പസ്തോലിക ന്യൂണ്‍ഷോ കർദ്ദിനാൾ എമിൽ പോൾ ഷെറിങ്, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഇറ്റാലിയൻ അംബാസഡർ ഫ്രാഞ്ചെസ്‌കോ ദി നിറ്റോ എന്നിവരും പുതിയ കർദ്ദിനാളുമാരോടൊപ്പം സംഘത്തിലുണ്ടായിരിന്നു.

കൺസിസ്റ്ററിയിൽ തിരഞ്ഞെടുക്കപ്പെട്ട ഇറ്റാലിയൻ കർദ്ദിനാളുന്മാരിൽ ക്ലൗഡിയോ ഗുജറോത്തി, സീറോ മലബാര്‍ സഭയും സീറോ മലങ്കര സഭയും ഉള്‍പ്പെടുന്ന പൗരസ്ത്യസഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷനാണ്. അതേസമയം കൺസിസ്റ്ററിയോടെ 18 പുതിയ വോട്ടർമാരോടൊപ്പം, അടുത്ത പാപ്പയെ തിരഞ്ഞെടുക്കാൻ യോഗ്യരായ കർദ്ദിനാളുമാരുടെ എണ്ണം 136 ആയി ഉയര്‍ന്നു.


Related Articles »