News - 2024

വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ഒക്ടോബര്‍ 17ന് ഉപവാസ പ്രാര്‍ത്ഥന: ആഹ്വാനവുമായി ജെറുസലേം പാത്രിയാർക്കീസ്

പ്രവാചകശബ്ദം 12-10-2023 - Thursday

ജെറുസലേം: വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഒക്ടോബര്‍ 17 അടുത്ത ചൊവ്വാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി പ്രാർത്ഥന, വർജ്ജനം, ഉപവാസം എന്നിവയ്ക്കായി സമയം നീക്കിവെയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇപ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ വേദനയും നിരാശയും വളരെ വലുതാണ്. ദുഷ്‌കരമായ സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ ശക്തിയും ശാന്തതയും ഈ വിധത്തിൽ മാത്രമേ നമുക്ക് നേടാനാകൂ, പ്രാർത്ഥനയിലും മധ്യസ്ഥതയിലും അവനിലേക്ക് തിരിയുക, ഈ വേദനകൾക്കിടയിൽ ദൈവത്തോട് അപേക്ഷിക്കുകയും നിലവിളിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും കർദ്ദിനാൾ പിസബല്ല പറഞ്ഞു.

ഒക്‌ടോബർ 17 ചൊവ്വാഴ്ച എല്ലാവരും ഉപവാസത്തിന്റെയും വർജ്ജനത്തിന്റെയും പ്രാർത്ഥനയുടെയും ദിവസമായി ആചരിക്കണം. നമുക്ക് ദിവ്യകാരുണ്യ ആരാധനയോടും നമ്മുടെ പരിശുദ്ധ കന്യകാമറിയത്തോടുള്ള ജപമാല സമര്‍പ്പണത്തോടും കൂടി പ്രാർത്ഥന സംഘടിപ്പിക്കാം. വിശുദ്ധ നാട്ടിലെ പല ഭാഗങ്ങളിലും സാഹചര്യങ്ങൾ വലിയ ഒത്തുചേരലുകൾ അനുവദിക്കില്ലെങ്കിലും, ഇടവകകളിലും ചെറു വിശ്വാസി സമൂഹങ്ങളിലും കുടുംബങ്ങളിലും പ്രാർത്ഥന സംഘടിപ്പിക്കാൻ സാധിക്കും. സമാധാനത്തിനും നീതിക്കും അനുരഞ്ജനത്തിനും വേണ്ടിയുള്ള നമ്മുടെ ദാഹം പിതാവായ ദൈവത്തെ ഏൽപ്പിക്കാൻ, നാമെല്ലാവരും ഒത്തുചേരുകയാണെന്നും കർദ്ദിനാൾ പിസബല്ല കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ, സൈനിക പ്രതിസന്ധിയുടെ നാം. പെട്ടെന്ന് അഭൂതപൂർവമായ അക്രമത്തിന്റെ കടലിലേക്ക് വലിച്ചെറിയപ്പെട്ടു. ദൗർഭാഗ്യവശാൽ വളരെക്കാലമായി അനുഭവിച്ചുകൊണ്ടിരുന്ന വിദ്വേഷം വർദ്ധിക്കുകയും അക്രമത്തിന്റെ പരിണിത ഫലമായി കൂടുതൽ നാശം ഉണ്ടാകുകയാണ് ചെയ്തത്. വിശുദ്ധ ഭൂമിയിലെ കത്തോലിക്കാ ഓർഡിനറിമാരുടെ അസംബ്ലിയുടെ പ്രസിഡന്റ് എന്ന നിലയിൽ, എല്ലാ ഇടവകകളെയും വിശ്വാസി സമൂഹങ്ങളെയും സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും ദിവസത്തിലേക്ക് ക്ഷണിക്കുകയാണെന്നും ഇതില്‍ പങ്കുചേരണമെന്നും കർദ്ദിനാൾ പിസബല്ല ആഹ്വാനം ചെയ്തു.


Related Articles »