News - 2024

വിശുദ്ധ നാട്ടിൽ സമാധാനം: ഇസ്രായേലും ഹമാസും തമ്മിൽ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ച് വത്തിക്കാന്‍

പ്രവാചകശബ്ദം 14-10-2023 - Saturday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിൽ സമാധാനത്തിനു വേണ്ടി ആഹ്വാനം പുതുക്കിയും ഇസ്രായേലും ഹമാസും തമ്മിൽ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത അറിയിച്ചും വത്തിക്കാന്‍. ഹമാസ് നടത്തിയ അക്രമണത്തെ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മനുഷ്യത്വരഹിതം എന്നാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വിശേഷിപ്പിച്ചത്. അക്രമത്തിന്റെ ഇരകളായ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ സ്റ്റേറ്റ് സെക്രട്ടറി ഇതിന്റെ ഇരയായവര്‍ക്കും, പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ഗാസയിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന ഭീഷണിയിൽ ആശങ്ക രേഖപ്പെടുത്തിയ പരോളിൻ, ബന്ധികളെ കുറിച്ചും ആശങ്ക പങ്കുവെച്ചു. യുക്തി വീണ്ടെടുക്കുകയും, വെറുപ്പിന്റെ അന്ധമായ ചിന്ത ഉപേക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അക്രമം നേരിടുന്നവർക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞ കർദ്ദിനാൾ, എന്നാൽ അതിന് ആനുപാതികമായ ഒരു പരിധി ഉണ്ടെന്നും വ്യക്തമാക്കി.

ഈ സംഘർഷത്തിനിടയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായേലികളുടെ മോചനം, ഗാസയിലെ സാധാരണക്കാരുടെ സുരക്ഷ എന്നീ രണ്ട് കാര്യങ്ങളിലാണ് വത്തിക്കാന് പ്രധാനമായും ആശങ്ക ഉള്ളതെന്ന് കർദ്ദിനാൾ പരോളിൻ പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിൽ ചർച്ചയ്ക്ക് സാധ്യതയുണ്ടോയെന്നുള്ള കാര്യത്തിൽ സംശയം പ്രകടിപ്പിച്ച അദ്ദേഹം, അങ്ങനെ ഒരു സാധ്യതയുണ്ടെങ്കിൽ തങ്ങൾ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. ഇന്നലെ വെള്ളിയാഴ്ചയാണ് അദ്ദേഹം വത്തിക്കാൻ ന്യൂസിന് അഭിമുഖം നൽകിയത്.


Related Articles »