News

ഗാസയിലെ കത്തോലിക്ക ദേവാലയ പരിസരത്ത് ഇസ്രായേല്‍ ആക്രമണം; 2 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു, അപലപിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 18-12-2023 - Monday

ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ഇടവക ദേവാലയത്തിന് നേരെ ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ക്രിസ്ത്യൻ വനിതകള്‍ കൊല്ലപ്പെട്ടതായി ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. ഡിസംബർ 16ന് ഉച്ചയോടെ ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) സൈനികന്‍ നടത്തിയ ആക്രമണത്തില്‍ ഗാസയിലെ ഹോളി ഫാമിലി ഇടവകയ്ക്കുള്ളിൽ അഭയാര്‍ത്ഥികളായി കഴിഞ്ഞിരിന്ന രണ്ട് ക്രിസ്ത്യൻ സ്ത്രീകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. നഹിദ മകൾ സമര്‍ എന്നിവര്‍ പള്ളിവളപ്പിലുള്ള മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യസ്തരുടെ കോൺവെന്റിലേക്ക് നടക്കുമ്പോൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരിന്നുവെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റ് അറിയിച്ചു.

ആക്രമണത്തിന് ഇരയായ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരിന്നു മകള്‍ കൊല്ലപ്പെട്ടത്. ഇതിനു തൊട്ടുമുന്‍പ് സൈനിക ടാങ്കിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ മഠം തകർന്നിട്ടുണ്ട്. മഠത്തിലെ ജനററേറ്റർ തകരുകയും വൻ തീപിടത്തമുണ്ടാകുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 54 ഭിന്നശേഷിക്കാര്‍ക്കു അഭയം നല്‍കിയ ഭവനമാണ് നാമാവശേഷമായി മാറിയത്. ഗാസയിലെ ഏക കത്തോലിക്കാ ദേവാലയമാണ് ഹോളി ഫാമിലി ഇടവക. ഇസ്രായേൽ - ഹമാസ് യുദ്ധം ആരംഭിച്ചതുമുതൽ, നൂറുകണക്കിന് ക്രൈസ്തവരും മറ്റ് ഗാസ പൗരന്മാരും ഗാസ മുനമ്പിന്റെ വടക്കേ അറ്റത്തുള്ള ഇടവകയിൽ അഭയം പ്രാപിച്ചിരിന്നു.

സഭ മുഴുവനും ക്രിസ്മസിന് തയ്യാറെടുക്കുമ്പോൾ, ഇത്തരമൊരു ആക്രമണം നടത്തിയതിന് പിന്നിലെ കാരണം മനസിലാക്കാൻ കഴിയുന്നില്ലെന്നും ക്രിസ്ത്യൻ സമൂഹത്തോടൊപ്പമുള്ള പ്രാർത്ഥനയിൽ, ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളോട് അടുപ്പവും അനുശോചനവും പ്രാര്‍ത്ഥനയും അറിയിക്കുകയാണെന്ന് ജെറുസലേം ലാറ്റിൻ പാത്രിയാർക്കേറ്റ് പ്രസ്താവിച്ചു. ഇതിനിടെ ക്രൂരമായ കൊലപാതകത്തെയും ആക്രമണങ്ങളെയും അപലപിച്ച് ഫ്രാന്‍സിസ് പാപ്പ രംഗത്തുവന്നു. ഇന്നലെ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോടൊപ്പമുള്ള സന്ദേശത്തിലാണ് പാപ്പ തന്റെ ദുഃഖം പ്രകടിപ്പിച്ചത്.

ഗാസയിൽ നിന്ന് വളരെ വേദനാജനകമായ വാർത്തകൾ തനിക്ക് ഇപ്പോഴും ലഭിക്കുകയാണെന്ന് പാപ്പ പറഞ്ഞു. നിരായുധരായ സാധാരണക്കാർ ബോംബാക്രമണത്തിനും വെടിവെപ്പിനും വിധേയരാകുന്നു. കുടുംബങ്ങളും കുട്ടികളും രോഗികളും വികലാംഗരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഹോളി ഫാമിലിയുടെ ഇടവക സമുച്ചയത്തിനുള്ളിൽ പോലും ഇത് സംഭവിച്ചു, അമ്മയായ നഹിദ ഖലീൽ ആന്റണും അവരുടെ മകളായ മകൾ സമർ കമാൽ ആന്റനുമാണ് കൊല്ലപ്പെട്ടതെന്നും പാപ്പ ദുഃഖത്തോടെ അനുസ്മരിച്ചു. അതേസമയം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പ്രതിരോധന സേന ഇതുവരെ പ്രതികരിച്ചിട്ടില്ല.


Related Articles »