News

നിക്കരാഗ്വേ ഭരണകൂടം അന്യായമായി തടങ്കലിലാക്കിയ 12 വൈദികരെ മോചിപ്പിച്ചു; വൈദികരെ ഏറ്റെടുക്കുമെന്ന് വത്തിക്കാന്‍

പ്രവാചകശബ്ദം 20-10-2023 - Friday

വത്തിക്കാന്‍ സിറ്റി/ മനാഗ്വേ: നിക്കരാഗ്വേയിലെ സ്വേച്ഛാധിപത്യ ഭരണകൂടം ഇന്നലെ മോചിപ്പിച്ച കത്തോലിക്ക വൈദികരെ വത്തിക്കാന്‍ ഏറ്റെടുക്കും. ഭരണകൂടം വിട്ടയച്ച നിക്കരാഗ്വേയിൽ നിന്നുള്ള 12 വൈദികരെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ സ്വീകരിക്കുകയും റോം രൂപതയില്‍ താമസിപ്പിക്കുകയും ചെയ്യുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. നിക്കരാഗ്വേയിലെയും വത്തിക്കാനിലെയും കത്തോലിക്കാ സഭയുടെ ഉന്നത അധികാരികളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വൈദികരുടെ മോചനം സാധ്യമായത്.

ഗ്രാനഡ രൂപതയിൽ നിന്നുള്ള ഫാ. മാനുവൽ സാൽവഡോർ ഗാർസിയ റോഡ്രിഗസ്, ഫാ. ജോസ് ലിയോനാർഡോ ഉർബിന റോഡ്രിഗസ് , മതഗൽപ്പ രൂപതയിൽ നിന്ന് ഫാ. ജെയിം ഇവാൻ മോണ്ടെസിനോസ് സൗസീദ, സിയുന രൂപതയിൽ നിന്നുള്ള ഫാ. ഫെർണാണ്ടോ ഇസ്രായേൽ സമോറ സിൽവ, ഫാ. ഒസ്മാൻ ജോസ് അമഡോർ ഗില്ലെൻ, ഫാ. ജൂലിയോ റിക്കാർഡോ നൊറോറി ജിമെനെസ്, ഫാ. ജോസ് ഇവാൻ സെന്റിനോ ടെർസെറോ, ഫാ. യെസ്‌നർ സിപ്രിയാനോ പിനെഡ മെനെസെസ്, ഫാ. അൽവാരോ ജോസ് ടോളിഡോ അമഡോർ, ഫാ. യൂജെനിയോ റോഡ്രിസ്, ജിനോടെഗ രൂപതയിൽ നിന്നുള്ള ഫാ. ക്രിസ്റ്റോബൽ റെയ്‌നാൽഡോ, ബ്ലൂഫീൽഡ് രൂപതയിൽ നിന്നുള്ള ഫാ. റാമോൺ അംഗുലോ റെയ്മസ് തുടങ്ങിയ വൈദികരാണ് മോചിതരായിരിക്കുന്നത്.

ഒക്‌ടോബർ 15-ന് ഇവരിൽ എട്ടു വൈദികരെ കുപ്രസിദ്ധമായ എൽ ചിപോട്ട ജയിലിലേക്ക് അയച്ചിരിന്നു. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ കുപ്രസിദ്ധമായ ജയിലാണ് എൽ ചിപോട്ട. വൈദികരെ എൽ ചിപോട്ടയിലേക്ക് മാറ്റിയതില്‍ കനത്ത പ്രതിഷേധം ഉയരുന്നുണ്ടായിരിന്നു. ഇതിനിടെയാണ് വത്തിക്കാന്റെ മധ്യസ്ഥ ചര്‍ച്ചയില്‍ വൈദികര്‍ മോചിതരായത്. വൈദികര്‍ക്ക് രാജ്യത്തു തുടരാന്‍ ഭരണകൂടം അനുമതി നിഷേധിച്ച പശ്ചാത്തലത്തിലാണ് വത്തിക്കാന്‍ ഏറ്റെടുക്കുവാന്‍ തയാറായതെന്ന് വിലയിരുത്തപ്പെടുന്നു.

കടുത്ത ജനാധിപത്യ വിരുദ്ധ നയമാണ് രാജ്യം ഭരിക്കുന്ന ഡാനിയേല്‍ ഒര്‍ട്ടേഗ പിന്തുടരുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി കത്തോലിക്ക സഭ രംഗത്തുണ്ട്. ഈ സമീപനമാണ് ഭരണകൂടത്തെ കത്തോലിക്ക സഭയെ ശത്രുവാക്കി മാറ്റിയത്. സഭയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയും മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കിയും സന്യാസ സമൂഹങ്ങളെ പുറത്താക്കിയും ഭരണകൂട വേട്ടയാടല്‍ രാജ്യത്തു തുടരുകയാണ്. രാജ്യം വിടാന്‍ വിസമ്മതിച്ച മതഗൽപ്പ രൂപത മെത്രാന്‍ റോളണ്ടോ അല്‍വാരെസ് 26 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹം ഇപ്പോഴും ജയിലില്‍ തുടരുകയാണ്.

Tag: Vatican confirms that it will receive 12 priests released by the Nicaraguan government, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »