News - 2024

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ മൂന്നു ബെനഡിക്ടന്‍ സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 26-10-2023 - Thursday

അബൂജ: നൈജീരിയൻ സംസ്ഥാനമായ ക്വാറയിലെ ആശ്രമത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ബെനഡിക്ടൻ സമൂഹാംഗങ്ങളായ മൂന്നു സന്യാസികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗോഡ്‌വിൻ ഈസെ എന്ന സന്യാസാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. മൂന്നുപേരെയും ഈ മാസം 18നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഗോഡ്‌വിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ എറിയുകയായിരിന്നുവെന്ന് ഇലോറിൻ രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. ആൻസലം ലവാനി പറഞ്ഞു. അതേസമയം ബന്ദികളായി കഴിഞ്ഞിരിന്ന ആന്റണി ഈസെ, പീറ്റർ ഒലരെവാജു എന്നിവര്‍ മോചിതരായി. ഗോഡ്‌വിൻ ധ്യാനാത്മകമായി പ്രാർത്ഥനയില്‍ ആഴപ്പെട്ട ജീവിതമാണ് നയിച്ചിരിന്നതെന്നു ബെനഡിക്‌ടൻ ആശ്രമത്തിലെ മുൻ തുടക്കക്കാരനായ ഫാ. ജോസഫ് എകെസിയോബി അനുസ്മരിച്ചു.

നേരത്തെ സായുധ സംഘമായ ഫുലാനികള്‍ വടക്കൻ-മധ്യ നൈജീരിയയിലെ ക്വാറ സ്റ്റേറ്റിലെ എറുകുവിലെ ബെനഡിക്ടൻ ആശ്രമത്തിൽ അതിക്രമിച്ചു കയറിയാണ് സന്യാസാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുന്നത്. നൈജീരിയയിലെ ഇലോറിൻ രൂപതയും തീവ്ര ഇസ്ലാമിക സംഘടനകളായ ഫുലാനികളുടെയും ബോക്കോഹറാമിന്റെയും ഭീഷണിയിലാണ്. എസിഐ വാർത്താ ഏജൻസി റിപ്പോര്‍ട്ട് പ്രകാരം, ബെനഡിക്ടൻ ആശ്രമത്തിലെ അന്തേവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. നൈജർ സംസ്ഥാനത്തു മാത്രം കഴിഞ്ഞ 100 ദിവസങ്ങളിൽ 150 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കാലയളവിൽ തട്ടിക്കൊണ്ടുപോകപ്പെട്ട 707 പേരിൽ 200 പേരും നൈജർ സംസ്ഥാനത്തിലാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.


Related Articles »