News

സകല മരിച്ചവരുടെയും ഓർമ്മ ദിനത്തിൽ കോമൺവെൽത്ത് സെമിത്തേരി സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 03-11-2023 - Friday

വത്തിക്കാന്‍ സിറ്റി: സകല മരിച്ചവരുടെയും ഓർമ്മ ദിവസമായ ഇന്നലെ നവംബർ രണ്ടാം തീയതി സെമിത്തേരി സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ. രണ്ടാം ലോക മഹായുദ്ധ വേളയിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന കോമൺവെൽത്ത് സെമിത്തേരിയിലാണ് പാപ്പ സന്ദർശനം നടത്തി വിശുദ്ധ ബലിയർപ്പിച്ചത്. വിശുദ്ധ ബലിക്കു മുൻപായി സെമിത്തേരിയിലെ ഓരോ കല്ലറക്കുമുൻപിലും അല്പസമയം മൗനമായി പ്രാർത്ഥന നടത്തിയ പാപ്പ, മരിച്ചുപോയ എല്ലാവരെയും ഓർത്തുകൊണ്ട് കല്ലറകളിൽ പുഷ്പങ്ങൾ സമർപ്പിച്ചു. തുടർന്ന് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ ബലിയർപ്പിച്ചു. ഏകദേശം മുന്നൂറോളം വിശ്വാസികൾ പാപ്പയ്‌ക്കൊപ്പം വിശുദ്ധ ബലിയിലും, പ്രാർത്ഥനകളിലും സംബന്ധിച്ചു.

'സ്മരണയും, പ്രതീക്ഷയുമാണ് സകല മരിച്ചവരുടെയും തിരുനാള്‍ ഓര്‍മ്മിപ്പിക്കുന്നതെന്നു പാപ്പ പറഞ്ഞു. ' നമ്മുടെ ജീവിത പാതയിൽ കർത്താവുമായും, സഹോദരങ്ങളുമായും കണ്ടുമുട്ടുവാനുള്ള പ്രത്യാശയോടെ മുൻപോട്ടു വീക്ഷിക്കുവാനുള്ള ചിന്ത ഈ ദിനം പ്രദാനം ചെയ്യുന്നു. പ്രത്യാശയുടെ ഈ കൃപയ്ക്കുവേണ്ടി നിരന്തരം കർത്താവിനോടു യാചിക്കേണ്ടതുണ്ട്. ദൈവം നൽകുന്ന പ്രത്യാശ നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. മറിച്ച് പല പ്രശ്നങ്ങളിൽ നിന്നും നമ്മെ മോചിപ്പിച്ചുകൊണ്ട് നമ്മെ മുൻപോട്ടു നയിക്കുകയാണ് ചെയ്യുന്നതെന്നും പാപ്പ പറഞ്ഞു.

ഓരോ വർഷവും നവംബർ മാസം രണ്ടാം തീയതിയിലെ വിശുദ്ധ ബലിയ്ക്കായും, പ്രാർത്ഥനകൾക്കായും ഫ്രാൻസിസ് പാപ്പാ വിവിധ സെമിത്തേരികളിൽ സന്ദർശനം നടത്തുന്നത് പതിവാണ്. ഇത്തവണ ബലിയർപ്പിച്ച റോമിലുള്ള കോമൺവെൽത്ത് സെമിത്തേരി, രണ്ടാം ലോകമഹായുദ്ധസമയത്ത് റോമിൽ കൊല്ലപ്പെട്ട കോമൺവെൽത്തിൽപ്പെട്ട സൈനികരുടെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന യുദ്ധ സ്മാരകമാണ്. 426 കബറിടങ്ങളാണ് ഈ സെമിത്തേരിയിലുള്ളത്. ഓരോ കബറിടത്തിനു മുൻപിലും, അടക്കം ചെയ്യപ്പെട്ട ആളുടെ പേരും, ജനന മരണ തീയതികളും, സ്ഥലങ്ങളും അവർ ഉൾപ്പെടുന്ന സൈനിക വിഭാഗത്തിന്റെ ചിഹ്നം, മുദ്രാവാക്യം, ചിന്തകൾ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.

More Archives >>

Page 1 of 901