News - 2024
ഇസ്രായേലിനും പാലസ്തീനും നിലനില്‍ക്കാനും ജീവിക്കാനും ഒരുപോലെ അവകാശമുണ്ട്: കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി
പ്രവാചകശബ്ദം 02-11-2023 - Thursday
വത്തിക്കാന്‍ സിറ്റി\/ ജെറുസലേം: ഇസ്രായേലിനും പാലസ്തീനും നിലനില്‍ക്കാനും ജീവിക്കാനും ഒരുപോലെ അവകാശമുണ്ടെന്ന് തിരുക്കല്ലറയുടെ സംരക്ഷണത്തിനായുള്ള കത്തോലിക്ക ക്രമമായ എക്വെസ്റ്റേറിയന്‍ ഓര്‍ഡറിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി. പാലസ്തീൻ ജനതക്ക് ജീവിക്കാന്‍ അവകാശമുള്ളത് പോലെ ഇസ്രായേലിനും ജീവിക്കാനും നിലനിൽക്കാനും അവകാശമുണ്ടെന്നും ഒന്നു മറ്റൊന്നിനേക്കാൾ ശ്രേഷ്ഠമല്ലായെന്നും കര്‍ദ്ദിനാള്‍ ഫെർണാണ്ടോ ഫിലോണി പത്രസമ്മേളനത്തിൽ പറഞ്ഞു. 2011 മുതൽ 2019 വരെയുള്ള കാലയളവില്‍ ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള കോൺഗ്രിഗേഷന്റെ പ്രീഫെക്റ്റായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് കര്‍ദ്ദിനാള്‍ ഫിലോണി.
നിലവിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ബാധിച്ച പ്രദേശത്ത്, ഏകദൈവത്തിൽ അധിഷ്ഠിതമായ വിവിധ സംസ്കാരങ്ങളുടെയും സമ്പന്നതയും അടിസ്ഥാനപരമായി നിലനില്‍ക്കുന്നുണ്ടെന്നും യഹൂദർക്കും മുസ്ലീങ്ങൾക്കും ശേഷം പുണ്യഭൂമിയിൽ ന്യൂനപക്ഷമാണെങ്കിലും ക്രൈസ്തവര്‍ക്ക് എല്ലാവര്‍ക്കും ഇടയില്‍ പാലമായി വര്‍ത്തിക്കുവാന്‍ കഴിയുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, സഭയ്ക്ക് ഒരു പക്ഷവും ഇല്ല. നമ്മുടെ അവകാശം സംരക്ഷിക്കുമ്പോൾ, മറ്റുള്ളവരുടെ അവകാശം ഞങ്ങൾ മറക്കുന്നു. ഭിന്നതകളെ അതിജീവിക്കുന്നതിലൂടെ മാത്രമേ ദാരുണമായ നിലവിലെ അവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കഴിയൂവെന്നും കര്‍ദ്ദിനാള്‍ ഫെർണാണ്ടോ പറഞ്ഞു.