News - 2024

നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി

പ്രവാചകശബ്ദം 01-11-2023 - Wednesday

അബൂജ: വടക്ക് - കിഴക്കൻ നൈജീരിയയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. തരാബ സ്‌റ്റേറ്റിലെ (വടക്ക്-കിഴക്കൻ നൈജീരിയ) ഐബി ലോക്കൽ കൗൺസിലിലെ ഇടവക വികാരിയായ ഫാ. തദ്ദേവൂസ് തർഹെംബെയെയാണ് അക്രമികളില്‍ നിന്നു മോചിതനായിരിക്കുന്നത്. വുക്കാരി രൂപതയുടെ വക്താവ് ഫാ. ജോൺ ലെയ്‌ക്കാണ് വൈദികന്‍ മോചിതനായ വിവരം മാധ്യമങ്ങളെ അറിയിച്ചത്.

രൂപത ബിഷപ്പ് മാർക് എൻസുക്വെയ്ന്‍ വൈദികന്റെ മോചനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ദുഷ്‌കരമായ സമയത്ത് പ്രാർത്ഥനകൾക്കും ഐക്യദാർഢ്യത്തിനും രൂപതയിലെ വൈദികർ, സന്യാസിനികള്‍, വിശ്വാസികൾ ഉള്‍പ്പെടെ എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായി ബിഷപ്പ് മാർക് പറഞ്ഞു. നൈജീരിയയില്‍ നടക്കുന്ന തട്ടിക്കൊണ്ടുപോകല്‍ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഫാ. തർഹെംബെ.

തരാബ സ്‌റ്റേറ്റിലെ യോറോ ലോക്കൽ കൗൺസിലിലെ ആറ് പേരെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെയാണ് ഫാ. തർഹെംബെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. അതേസമയം നൈജീരിയയിലെ വിജിലന്റ് ഗ്രൂപ്പിന്റെ പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോകൽ സംഘത്തിൽപെട്ടവരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്തെ അരക്ഷിതാവസ്ഥ അവസാനിപ്പിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ക്രൈസ്തവ സംഘടനയായ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 900