India

മാർ മാത്യു നെല്ലിക്കുന്നേൽ അഭിഷിക്തനായി

പ്രവാചകശബ്ദം 07-11-2023 - Tuesday

ഗോരഖ്പുർ: സീറോമലബാർ ഗോരഖ്പുർ രൂപതയുടെ പുതിയ മെത്രാനായി മാർ മാത്യു നെല്ലിക്കുന്നേൽ അഭിഷിക്തനായി സ്ഥാനമേറ്റു. ഇന്നലെ രാവിലെ ഒമ്പതിന് ഗോരഖ്പുർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ മൈതാനത്തായിരുന്നു മെത്രാഭിഷേകവും സ്ഥാനാരോഹണചടങ്ങുകളും. തിരുക്കർമങ്ങൾക്ക് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. സ്ഥാനമൊഴിഞ്ഞ ഗോരഖ്പുർ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, ആഗ്ര ആർച്ച് ബിഷപ്പ് മാർ റാഫി മഞ്ഞളി എന്നിവർ സഹകാർമികരായിരുന്നു. മാർ റാഫി മഞ്ഞളി വിശുദ്ധ കുർബാനക്കിടെ വചനസന്ദേശം നൽകി.

മാർ മാത്യു നെല്ലിക്കുന്നേലിനെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള പ്രതിക സീറോമലബാർ സഭ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽ പുരയിടം ഇംഗ്ലീഷിലും ഗോരഖ്പുർ രൂപത ചാൻസലർ ഫാ. റോജർ അഗസ്റ്റിൻ ഹിന്ദിയിലും വായിച്ചു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലെയോപോൾദോ ജിറെല്ലി ആശംസയർപ്പിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, ഗോരഖ്പുർ മേയർ ഡോ. മംഗേഷ് കുമാർ ശ്രീവത്സ്, വിവിധ മത-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

മാർ മാത്യു നെലിക്കുന്നേൽ മറുപടി പ്രസംഗം നടത്തി. 30 മെത്രാന്മാരും ഇരുനൂറിലധികം വൈദികരുമടക്കം നാലായിരത്തിലധികം ആളുകൾ പങ്കെടുത്ത സമ്മേളനത്തിന് മുഖ്യസംഘാടകൻ ഫാ. രാജഷ് പുതുശേരി നന്ദി പറഞ്ഞു. ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം പ്രായപരിധിയെത്തിയതിനാൽ കാനൻ നിയമാനുസൃതം സമർപ്പിച്ച രാജിയെ തുടർന്നായിരുന്നു പുതിയ നിയമനം. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സഹോദരനാണ്.


Related Articles »