India - 2024

സിബിസിഐയും സിസിബിഐയും ചേര്‍ന്നുള്ള ദേശീയ ഇക്കോളജിക്കൽ കോൺഫറൻസ് ആരംഭിച്ചു

പ്രവാചകശബ്ദം 23-11-2023 - Thursday

ബംഗളൂരു: പൊതു ഭവനമായ ഭൂമിയെ കരുതുക എന്ന ആശയം ഉയർത്തി സിബിസിഐയും സിസിബിഐയും ധർമാരാം വിദ്യാക്ഷേത്രയും ചേർന്ന് ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രയിൽ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ദേശീയ ഇക്കോളജിക്കൽ കോൺഫറൻസ് ആരംഭിച്ചു. കർദ്ദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി, ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ആന്റണി പൂള, ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ, ബിഷപ്പ് ഐവാൻ പേരേര, മുംബൈ സഹായമെത്രാൻ ഡോ. അൽവ്യാൻ ഡിസിൽവ, റവ. ഡോ. ജോയ് ഫിലിപ്പ് കാക്കനാട്, പ്രശസ്‌ത പരിസ്ഥിതി പ്രവർത്തക വന്ദന ശി വ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി രണ്ട് ഡസനോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. അന്തർദേശീയ സെമിനാറിനോടു ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ ഇടവകയായി പാലക്കാട് രൂപതയിലെ പൊൻകണ്ടം സെൻ്റ് ജോസഫ് ഇടവകയെ പ്രഖ്യാപിച്ചു. 135 കുടുംബങ്ങളുള്ള ഇടവകയിൽ മുഴുവൻ വീടുകളുടെയും കാർബൺ എമിഷൻ കണക്കാക്കിയാണ് (ഗ്രീൻ ഓഡിറ്റിംഗ്) കാർബൺ ന്യൂട്രൽ ഇടവക എന്ന പദവി കൈവരിച്ചത്. ഇടവകയിലെ ശരാശരി കാർബൺ ബഹിർഗമനം ദേശീയ ശരാശരിയുടെ പകുതിയോളമേയുള്ളൂ. നൂറു ശതമാനം പരിസ്ഥിതി സാക്ഷരത നേടുന്ന ഇടവക എന്ന നേട്ടവും പൊൻകണ്ടം കൈവരിച്ചു. സമ്മേളനം നാളെ സമാപിക്കും.


Related Articles »