News
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ കത്തോലിക്ക ദേവാലയത്തിന് കേടുപാടുകള്‍
പ്രവാചകശബ്ദം 15-12-2023 - Friday
ഗാസ: കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് സാരമായ കേടുപാടുകള്‍. സമീപത്തുള്ള കെട്ടിടങ്ങളെ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് പുറമേ, ഹോളി ഫാമിലി ദേവാലയത്തിലെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കുകളും സോളാര്‍ പാനലുകളും തകര്‍ന്നുവെന്നു വിശുദ്ധ നാട്ടിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിനെ ഉദ്ധരിച്ചുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദേവാലയത്തോട് അനുബന്ധിച്ചുണ്ടായിരുന്ന കെട്ടിടത്തിനും, ദേവാലയ സമുച്ചയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം നൂറുകണക്കിന് നിരാലംബരായ ആളുകളാണ് ഹോളി ഫാമിലി ദേവാലയത്തില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ട ഭക്ഷണം, മെഡിക്കല്‍ സാധനങ്ങള്‍, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ നല്‍കിവരുന്ന സംഘടനയാണ് എ.സി.എന്‍. ഹോളി ഫാമിലി ഇടവകയില്‍ ഇന്ധനം പൂര്‍ണ്ണമായും തീര്‍ന്നിരിക്കുകയാണെന്നും, വൈദ്യതി ലഭ്യമല്ലാത്തതിന് പുറമേ സുസ്ഥിരമായ ആശയവിനിമയവും സാധ്യമല്ലാതായിരിക്കുകയാണെന്നും വെളിപ്പെടുത്തി.
കോണ്‍ഗ്രിഗേഷന്‍ ഓഫ് റോസറി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളും വൈദികനും ചേര്‍ന്ന് 100 കുട്ടികളും, 70 ഭിന്നശേഷിക്കാരും ഉള്‍പ്പെടെ എഴുന്നൂറ്റിയന്‍പതോളം ഭവനരഹിതരായ ക്രൈസ്തവരെ ഹോളിഫാമിലി ദേവാലയത്തില്‍ അഭയംനല്‍കി പരിപാലിച്ചു വരുന്നുണ്ടെന്ന് എ.സി.എന്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരിന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 12-ന് ഹോളിഫാമിലി ദേവാലയത്തിന്റെ സമീപത്തുനിന്നും പൊട്ടാത്ത ഒരു മിസൈല്‍ കണ്ടെടുത്തിരുന്നുവെന്ന്‍ ഇന്‍ഡിപെന്റന്റ് കാത്തലിക് ന്യൂസും റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഈ മിസൈല്‍ പൊട്ടുകയായിരുന്നെങ്കില്‍ വന്‍ നഷ്ടങ്ങള്‍ ഉണ്ടാകുമായിരുന്നെന്ന് പ്രാദേശിക വൈദികന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഗാസയിലെ ആയിരത്തോളം വരുന്ന ക്രിസ്ത്യാനികളില്‍ ചുരുങ്ങിയത് 22 പേരെങ്കിലും യുദ്ധം ആരംഭിച്ചശേഷം കൊല്ലപ്പെട്ടിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 17 പേര്‍ കൊല്ലപ്പെട്ടത് സെന്റ് പോര്‍ഫിരിയൂസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ ബോംബ് പതിച്ചതിനെത്തുടര്‍ന്നാണ്. യുദ്ധം ആരംഭിച്ചശേഷം ഏതാണ്ട് 18,000-ത്തോളം ആളുകള്‍ കൊല്ലപ്പെടുകയും, 50,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം പറയുന്നത്. ദേവാലയങ്ങള്‍ക്ക് പുറമേ, ഒരു ക്രിസ്ത്യന്‍ സ്കൂളിനും, ഒരു ക്രിസ്ത്യന്‍ ആശുപത്രിക്കും നിരവധി ക്രിസ്ത്യന്‍ ഭവനങ്ങള്‍ക്കും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.