India - 2024

സീറോ മലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി സഭാ ആസ്ഥാനത്ത് ആഘോഷിച്ചു

പ്രവാചകശബ്ദം 21-12-2023 - Thursday

കാക്കനാട്: സീറോമലബാർ സഭാ ഹയരാർക്കിയുടെ സ്ഥാപന ശതാബ്ദി അഭിമാനകരമായ ചരിത്ര മുഹൂർത്തത്തിന്റെ ഓർമയാണെന്ന് സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. ശതാബ്ദിവർഷസമാപനത്തിന്റെ ഭാഗമായി സഭാകാര്യാലയമായ മൗണ്ട് സെന്റ്‌ തോമസിൽ ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് നടന്ന കൃതജ്ഞതാബലിയ്ക്ക് ആമുഖ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 1923 ഡിസംബർ 21ന് 'റൊമാനി പൊന്തിഫിച്ചെസ്‌' എന്ന തിരുവെഴുത്തുവഴി പരിശുദ്ധ പിതാവ്‌ പതിനൊന്നാം പിയുസ്‌ മാർപാപ്പയാണ്‌ സീറോമലബാർ ഹയരാർക്കി സ്ഥാപിച്ചത്‌.

എറണാകുളത്തെ അതിരൂപതാപദവിയിലേയ്ക്കുയർത്തുകയും തൃശ്ശൂർ, ചങ്ങനാശ്ശേരി, കോട്ടയം എന്നിവയെ സാമന്തരൂപതകളായി നിശ്ചയിക്കുകയും ചെയ്തുകൊണ്ടു റോമാ മാർപാപ്പ എടുത്ത ഈ തീരുമാനത്തെത്തുടർന്നു സഭയുടെ നാളിതുവരെയുള്ള വളർച്ച അത്ഭുതാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹയരാർക്കിയുടെ സ്ഥാപനത്തിലൂടെ ദൈവം നമ്മുടെ സഭയ്ക്ക് നൽകിയ അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കുകയും ക്രിസ്തുവിലുള്ള വിശ്വാസത്തിലും സാർവത്രിക സഭയുടെ കൂട്ടായ്മയിലും മുൻപോട്ട് പോകുവാനും ഈ ആഘോഷം നമ്മെ സഹായിക്കട്ടെയെന്ന് മാർ വാണിയപ്പുരയ്ക്കൽ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

ഹയരാർക്കിയുടെ സ്ഥാപനം സീറോമലബാർസഭയുടെ ആത്മാഭിമാനത്തിനും അത്ഭുതകരമായ വളർച്ചയ്ക്കും വഴിതെളിച്ചുവെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ പിതാവ് വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ വചനസന്ദേശത്തിൽ പറഞ്ഞു. സഭാ അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവിനോടൊപ്പം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് സിറിൽ വാസിൽ, മാർ ബോസ്കോ പുത്തൂർ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, മാർ ടോണി നീലങ്കാവിൽ, റവ.ഫാ. തോമസ് ചാത്തംപറമ്പിൽ CMI, റവ.ഫാ. ജോൺ കണ്ടത്തിൻകര VC, റവ.ഫാ. ജോജോ വരകുകാലായിൽ CST, റവ.ഫാ. അഗസ്റ്റിൻ പായിക്കാട്ട് MCBS തുടങ്ങി 60-ഓളം വൈദികർ സഹകാർമികരായിരുന്നു. സമർപ്പിത സമൂഹങ്ങളുടെ മേലധികാരികളും കൂരിയാ അംഗങ്ങളും സീറോമലബാർസഭയുടെ വിവിധ രൂപതകളിൽനിന്നായി ക്ഷണിക്കപ്പെട്ട പ്രതിനിധികളും കൃതജ്ഞതാബലിയിൽ പങ്കെടുത്തു.


Related Articles »