News - 2025

കൂദാശകളില്‍ പങ്കുചേര്‍ന്ന് മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുമസ് ആഘോഷിക്കാന്‍ സാധിക്കുകയുള്ളു: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രവാചകശബ്ദം 23-12-2023 - Saturday

പ്രസ്റ്റണ്‍: തിരുവചനം ശ്രവിച്ചും കൂദാശകളില്‍, പ്രത്യേകിച്ച് വിശുദ്ധ കുമ്പസാരത്തിലും വിശുദ്ധ കുര്‍ബാനയിലും പങ്കുചേര്‍ന്ന് മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുമസ് ആഘോഷിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. സ്രഷ്ടാവായ ദൈവം (വചനം) തന്നെ മനുഷ്യവംശത്തിന്റെയും സ്രഷ്ട പ്രപഞ്ചത്തിന്റെയും രക്ഷക്കായി മനുഷ്യനായി അവതരിച്ചതാണ് ക്രിസ്തുമസെന്നും ബിഷപ്പ് ക്രിസ്തുമസ് സന്ദേശത്തില്‍ അനുസ്മരിച്ചു.

'എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു' (തീത്തോസ് 2:11). രക്ഷ എന്നതുകൊണ്ട് നമ്മള്‍ മനസ്സിലാക്കുന്നത് ദൈവത്തിന്റെ മനുഷ്യരോടുള്ള ഐക്യമാണ്, കൂട്ടായ്മയാണ്. 'ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു'(ലൂക്കാ 1:68). പാപമോചനം വഴിയാണ് രക്ഷ (ലൂക്കാ 1:77) അനുഭവിക്കാന്‍ സാധിക്കുന്നത്. 'അവള്‍ (മറിയം) ഒരു പുത്രനെ പ്രസവിക്കും. നീ (യൗസേപ്പ്) അവന് ഈശോ എന്നു പേരിടണം.

എന്തെന്നാല്‍, അവന്‍ (ഈശോ) തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും' (മത്തായി 1:21). സീറോ മലബാര്‍ കുര്‍ബാനയില്‍ ഇപ്രകാരം നാം പ്രാര്‍ത്ഥിക്കുന്നു: 'സജീവവും ജീവദായകവുമായ ഈ അപ്പം...... ഭക്ഷിക്കുന്നവര്‍ മരിക്കുകയില്ല, പ്രത്യുത പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും'. 'നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടായിരിക്കുകയില്ല' (യോഹ 6:53).

ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെ വിശാലമായ ഒരു കാഴ്ചപ്പാടില്‍ ഈശോയുടെ ജനനത്തെ കാണണം. രക്ഷാകര പദ്ധതിയുടെ കേന്ദ്രം ഈശോയുടെ മരണവും ഉത്ഥാനവുമാണ്. മരിക്കാനും ഉയര്‍ക്കാനുമായാണ് ഈശോ ജനിക്കുന്നത്. 'ഈശോ മിശിഹാ എല്ലാ തിന്‍മകളില്‍ നിന്നു നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തിക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെ പ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു' (തീത്തോസ് 2:14).

തിരുവചനം ശ്രവിച്ചും കൂദാശകളില്‍, പ്രത്യേകിച്ച് വിശുദ്ധ കുമ്പസാരത്തിലും വിശുദ്ധ കുര്‍ബാനയിലും പങ്കുചേര്‍ന്ന് മാത്രമേ യഥാര്‍ത്ഥമായ ക്രിസ്മസ് ആഘോഷിക്കാന്‍ സാധിക്കുകയുള്ളു. അപ്പോള്‍ നാമെല്ലാവരും പാപമോചനവും രക്ഷയും പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും. രൂപതയിലെ എല്ലാ വൈദികര്‍ക്കും, സമര്‍പ്പിതര്‍ക്കും, വിശ്വാസികള്‍ക്കും ക്രിസ്മസ്സിന്റെ ഫലങ്ങളായ പാപമോചനവും രക്ഷയും നിത്യജീവനും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും എല്ലാവര്‍ക്കും ക്രിസ്മസിന്റെയും നവവത്സരത്തിന്റെയും മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്യുന്നുവെന്ന വാക്കുകളോടെയാണ് ബിഷപ്പ് തന്റെ സന്ദേശം ചുരുക്കിയത്.


Related Articles »