India - 2024

ഓരോരുത്തരും സമാധാനത്തിന്റെ വക്താക്കളാകാനുള്ള ആഹ്വാനമാണ് ക്രിസ്തുമസ്: കെസിബിസി

പ്രവാചകശബ്ദം 24-12-2023 - Sunday

കൊച്ചി: ഓരോ വ്യക്തിയും സമാധാനത്തിൻ്റെ വക്താക്കളാകാനുള്ള ആഹ്വാനമാണു ക്രിസ്തുമസ് നൽകുന്നതെന്ന് കെസിബിസി. കാരണം, ക്രിസ്തു ലോകത്തിൻ്റെ സമാധാനമാണ്. 'അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവ കൃപ ലഭിച്ചവർക്കു സമാധാനം' എന്ന സ ന്ദേശവുമായി ഭൂമിയിൽ ജാതനായ യേശു ക്രിസ്‌തുവിൻ്റെ ജനനത്തിരുനാളിൻ്റെ ഈ കാലയളവിൽ ലോകത്തിൽ സമാധാനം സംജാതമാകട്ടെ.ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും വർഗീയ സംഘട്ടനങ്ങളും സാധാരണക്കാരായ മനുഷ്യരെയാണ് കൂടുതലായി ബാധിക്കുന്നത്.

സമാധാനം നിറഞ്ഞ ജീവിതാന്തരീക്ഷം കാംക്ഷിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന മനുഷ്യസമൂഹം. ഏതാനും ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കൊണ്ട് ലോകത്തിന്റെ മുഴുവൻ സമാധാനവുമാണ് ഇല്ലാതാകുന്നത്. ഇതു വലിയ ദുഃഖത്തിന് കാരണമാകുന്നു. എത്രയും വേഗം യുദ്ധവും വർഗീയ സംഘർഷങ്ങളും ഇല്ലാതാക്കി ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ബന്ധപ്പെട്ട ലോകനേതാക്കൾക്ക് യേശുവിന്റെ കൃപ സമൃദ്ധമായി ലഭിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു. ക്രിസ്മസിന്റെ മംഗളങ്ങൾ എല്ലാവർക്കും ഹൃദയപൂർവം ആശംസിക്കുന്നതായും കെസിബിസിയുടെ ക്രിസ്‌തുമസ് സന്ദേശത്തിൽ ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി പറഞ്ഞു.


Related Articles »