News

ക്രിസ്തുമസിനോട് അനുബന്ധിച്ച് നടന്ന കൂട്ടക്കൊല; നീതി ആവശ്യപ്പെട്ട് നൈജീരിയൻ ക്രൈസ്തവര്‍ തെരുവിൽ

പ്രവാചകശബ്ദം 10-01-2024 - Wednesday

അബൂജ: ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ഇരുനൂറോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് നൂറുകണക്കിന് വരുന്ന വിശ്വാസികൾ സംസ്ഥാനത്തെ ഗവർണറുടെ ഓഫീസിന് മുന്നിൽ റാലി നടത്തി. ഡിസംബർ 23നു തുടങ്ങിയ ക്രൈസ്തവ ഗ്രാമങ്ങളെ ലക്ഷ്യംവെച്ച് നടന്ന അക്രമ പരമ്പര ക്രിസ്തുമസ് വരെ നീണ്ടുനിന്നു. അക്രമ പരമ്പര മൂലം പതിനയ്യായിരം ആളുകൾ ഭവനരഹിതരായെന്ന് സംഘാടക നേതാക്കളില്‍ ഒരാളായ ഇവാഞ്ചലിക്കൽ സഭാനേതാവ് റവ. ഗിടിയോൻ പാര-മല്ലം പറഞ്ഞു.

സംഭവത്തിന്റെ ഇരകളായവർക്ക് സഹായങ്ങൾ ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും, കേന്ദ്ര സർക്കാരിനോടും തങ്ങൾ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. വംശഹത്യ നടത്തിയ തീവ്രവാദികളെ അറസ്റ്റ് ചെയ്തു വിചാരണ നടത്തണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടതായും പാര-മല്ലം പറഞ്ഞു. പ്രതിഷേധം അറിയിച്ച് കറുത്ത വസ്ത്രം ധരിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് ക്രൈസ്തവര്‍ റാലി നടത്തിയത്. ക്രൈസ്തവരുടെ പരിപാവന ദിനത്തെ ലക്ഷ്യം വെച്ച് തീവ്രവാദികൾ നടത്തുന്ന ഏറ്റവും ഒടുവിലത്തെ അക്രമമാണ് ഇത്. ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ നടന്ന അക്രമണത്തിന് പിന്നില്‍ മുസ്ലിം ഫുലാനി തീവ്രവാദികളാണെന്നാണ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

2022ൽ ഒൻഡോ രൂപതയിലെ ഫ്രാൻസിസ്കന്‍ ദേവാലയത്തിൽ പെന്തക്കുസ്ത തിരുനാൾ ദിനത്തില്‍ തീവ്രവാദികൾ നടത്തിയ അക്രമണത്തിൽ 39 വിശ്വാസികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നൈജീരിയയിൽ ഏകദേശം അറുപതിനായിരത്തോളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. പുതിയ കണക്ക് പ്രകാരം 2021ന്റെ ആദ്യ 200 ദിവസങ്ങളിൽ 3462 ക്രൈസ്തവർ നൈജീരിയയിൽ കൊല്ലപ്പെട്ടു. ക്രൈസ്തവ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണിൻറെ 2023ലെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ വിശ്വാസികൾക്ക് ജീവിക്കാൻ ഏറ്റവും ഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നൈജീരിയ ബഹുദൂരം മുന്നിലാണ്.


Related Articles »