News - 2024

ഹെയ്തിയിൽ ബന്ദികളാക്കിയ സന്യാസിനികളെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 22-01-2024 - Monday

പോർട്ട്-ഓ-പ്രിൻസ് : ഹെയ്തിയിൽ നിന്നു തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികളെ മോചിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല ജപത്തോട് അനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. വെള്ളിയാഴ്ച പോർട്ട്-ഓ-പ്രിൻസ് എന്ന സ്ഥലത്ത് ബസ് ഹൈജാക്കിംഗിനിടെ ആയുധധാരികളായ തോക്കുധാരികൾ ബന്ദികളാക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹെയ്തിയിൽ സന്യാസിനികള്‍ ഉള്‍പ്പെടെ ഒരു കൂട്ടം ആളുകളെ തട്ടിക്കൊണ്ടുപോയതില്‍ ദുഃഖമുണ്ടെന്നും അവരുടെ മോചനത്തിനായി അഭ്യർത്ഥിക്കുകയാണെന്നും രാജ്യത്ത് സാമൂഹിക ഐക്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും പാപ്പ ഇന്നലെ പറഞ്ഞു.

80 വർഷമായി ഹെയ്തിയിൽ വിദ്യാഭ്യാസം, മാനവ വികസനം എന്നീ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സമൂഹമാണ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആന്‍. ഹെയ്തിയിലെ അൻസി-എ-വ്യൂവിലെയും മിറാഗോനെയിലെയും ബിഷപ്പ് പിയറി-ആന്ദ്രെ ഡുമാസ് തട്ടിക്കൊണ്ടുപോകലിനെ അപലപിച്ചു. സമൂഹത്തിലെ യുവാക്കളെയും ദരിദ്രരെയും ഏറ്റവും ദുർബലരെയും പഠിപ്പിക്കാനും രൂപപ്പെടുത്താനും പൂർണ്ണഹൃദയത്തോടെ സമർപ്പിക്കുന്ന സന്യസ്തര്‍ക്ക് നേരെയുള്ള നികൃഷ്ടവും പ്രാകൃതവുമായ പ്രവൃത്തി അംഗീകരിക്കില്ലായെന്ന് ബിഷപ്പ് ഡുമാസ് പറഞ്ഞു.

അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്ര രാജ്യമായ ഹെയ്തിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വലിയ ഭൂകമ്പങ്ങളും ചുഴലിക്കാറ്റും വലിയ നാശമാണ് വിതയ്ക്കുന്നത്. വർഷങ്ങളായുള്ള രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഗുണ്ടാ ആക്രമണവും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച പോർട്ട്-ഓ-പ്രിൻസിന്റെ തെക്ക് ഭാഗത്തുള്ള സോളിനോ ജില്ലയിൽ, അയൽ പ്രദേശമായ ബെൽ-എയർ ജില്ലയിൽ നിന്നുള്ള സായുധ സംഘം ഉൾപ്പെടെയുള്ള എതിരാളികളായ സംഘങ്ങൾ തമ്മിൽ നടത്തിയ അക്രമാസക്തമായ വെടിവെയ്പ്പില്‍ ഇരുപതോളം പേർ മരിച്ചിരിന്നു.


Related Articles »