India - 2024

ജെ.ബി കോശി കമ്മീഷന്റെ സമ്പൂർണ റിപ്പോർട്ട് പുറത്തുവിടണം: സഭൈക്യ സമ്മേളനം

പ്രവാചകശബ്ദം 24-01-2024 - Wednesday

ചങ്ങനാശേരി: ജെ.ബി കോശി കമ്മീഷന്റെ സമ്പൂർണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും സഭകളുമായി ആലോചിച്ച് ഈ ബജറ്റിൽ തന്നെ പദ്ധതികൾ ഉൾക്കൊള്ളിക്കത്തക്ക തരത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിൽ നടന്ന സഭൈക്യസമ്മേളനം പാസാക്കിയ പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.

മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തെയോഡോഷ്യസ് മാർത്തോമ്മാ വലിയ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളസമൂഹത്തിന്റെ വളർച്ചയിലും ജനാധിപത്യ സംവിധാനത്തിൻ്റെ ഉയർച്ചയിലും നിർണായകമായ പങ്കും സ്വാധീനവും സംഭാവനയും നൽകിയിട്ടുള്ള കേരള ക്രൈസ്തവരുടെ അംഗസംഖ്യയിൽ കുറവു വന്നിരിക്കുന്നുവെന്നും ഈ കുറവ് അടിസ്ഥാന അ വകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമാകരു തെന്നും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർ നടപടികൾ വൈകുന്നത് നീതിനിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.

സമുദായത്തിന്റെ നിലനിൽപ്പിന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിലും ധാർമികമായ വെല്ലുവിളികൾ ഉണ്ടാകുമ്പോഴും അവയെ ചെറുത്തു തോൽപ്പിക്കാൻ സഭകൾ ഒന്നുചേർന്ന് അണിനിരക്കണമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

സഭൈക്യവാരത്തോടനുബന്ധിച്ചാണ് മധ്യകേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. സീറോമലബാർ, സീറോമ ലങ്കര, ലത്തീൻ, ഓർത്തഡോക്സ‌്, യാക്കോബായ, മാർത്തോമ്മാ, സിഎസ്ഐ, ക്‌നാനായ യാക്കോബായ സഭകളിൽ നിന്നു മെത്രാന്മാർ, വൈദികർ, അല്മായർ എന്നിവരടങ്ങിയ പ്രതിനിധികൾ സംബന്ധിച്ചു.


Related Articles »