News - 2025

പ്രതികൂല രാഷ്ട്രീയ സാഹചര്യം: ഭാരതത്തില്‍ നടത്താനിരിന്ന ഏഷ്യന്‍ യുവജന സമ്മേളനം റദ്ദാക്കി

സ്വന്തം ലേഖകന്‍ 15-01-2020 - Wednesday

ന്യൂഡല്‍ഹി: ഭാരതത്തില്‍ അടുത്ത വര്‍ഷം നടത്താനിരുന്ന ഏഷ്യന്‍ രാജ്യങ്ങളിലെ കത്തോലിക്കാ യുവജനദിന സമ്മേളനം (ഏഷ്യന്‍ യൂത്ത് ഡേ) ഉപേക്ഷിച്ചു. രാജ്യത്തെ രാഷ്ട്രീയസാഹചര്യം പ്രതികൂലമായതിനാലാണ് 2021ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടി വരുന്നതെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ യൂത്ത് കൗണ്‍സില്‍ വ്യക്തമാക്കി. ഭാരതത്തിലെ കത്തോലിക്കാ മെത്രാന്മാരുടെ ഫെബ്രുവരിയില്‍ ചേരുന്ന പ്ലീനറി സമ്മേളനത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന്‍ സെക്രട്ടറി ഫാ. ചേതന്‍ മച്ചാഡോ പറഞ്ഞു.

മറ്റ് രാജ്യങ്ങളില്‍ നിന്നെത്തേണ്ട യുവജന പ്രതിനിധികള്‍ക്കും സഭാധികാരികള്‍ക്കും വീസ അനുവദിക്കില്ലെന്നത് അടക്കമുള്ള പ്രശ്‌നങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം ഉപേക്ഷിക്കുവാന്‍ തന്നെയാണ് തീരുമാനമെന്ന് സിബിസിഐ യൂത്ത് കമ്മീഷന്‍ തലവനായ കോട്ടാര്‍ ബിഷപ്പ് ഡോ. നസറീന്‍ സൂസൈയും അറിയിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്തയില്‍ 2017ല്‍ നടന്ന സമ്മേളനത്തിലാണ് അടുത്ത യുവജന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാമെന്ന് ഇന്ത്യ സമ്മതിച്ചത്. സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ചുബിഷപുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് പ്രഖ്യാപനവും സമ്മേളനത്തിന്റെ സമാപനദിവസം നടത്തിയിരുന്നു.

ഓരോ നാലു വര്‍ഷം കൂടും തോറും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ (FABC) അംഗീകാരത്തോടെ അഡ്‌വൈസര്‍ ഓഫ് കത്തോലിക്ക് യൂത്ത്‌ ഓഫ് ഏഷ്യ, യൂത്ത്‌ ഡെസ്ക് ഓഫ് ലെയിറ്റി, ഫാമിലി ഓഫീസ്‌ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് യുവജന സംഗമം സംഘടിപ്പിക്കുന്നത്. ഭാരതം, മ്യാന്‍മര്‍, വിയറ്റ്നാം, സിംഗപ്പൂര്‍, മംഗോളിയ, ഫിലിപ്പീന്‍സ്‌, ഹോംങ്കോങ്ങ്, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് യുവജനങ്ങളാണ് ഓരോ സമ്മേളനത്തിന്റെയും മാറ്റ് കൂട്ടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »