Videos

ശാന്തശീലനായ ഈശോ | നോമ്പുകാല ചിന്തകൾ | മുപ്പത്തിമൂന്നാം ദിവസം

പ്രവാചകശബ്ദം 15-03-2024 - Friday

"യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു" (ലൂക്കാ 22:63).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മുപ്പത്തിമൂന്നാം ദിവസം ‍

മറ്റുള്ളവർ നമ്മെ കുറ്റം വിധിക്കുമ്പോഴും നമ്മുക്കെതിരായി സംസാരിക്കുമ്പോഴും നാം പലപ്പോഴും കോപത്തോടെ പ്രതികരിക്കാറുണ്ട്. എന്നാൽ ദൈവമായിരുന്നിട്ടും തന്റെ പീഡാസഹനത്തിന്റെ വേളയിൽ ഈശോ എത്രയോ ശാന്തമായാണ് സംസാരിക്കുന്നത്?

"യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. അവര്‍ അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു. അവര്‍ അവനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു. പ്രഭാതമായപ്പോള്‍ പുരോഹിത പ്രമുഖന്‍മാരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജനപ്രമാണികളുടെ സംഘം സമ്മേളിച്ചു. അവര്‍ അവനെ തങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവന്നു പറഞ്ഞു: നീ ക്രിസ്തുവാണെങ്കില്‍ അതു ഞങ്ങളോടു പറയുക. അവന്‍ അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല" ( ലൂക്കാ 22:63-68).

ഇവിടെയെല്ലാം ശാന്തമായി സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ഈശോയെ നമ്മുക്ക് കാണാം. ഇതേക്കുറിച്ച് അലക്‌സാൻഡ്രിയയിലെ വിശുദ്ധ സിറിൽ ഇപ്രകാരം പറയുന്നു; "നമുക്കൊരു മാതൃക നല്‌കാനായിരിക്കാം മിശിഹാ ഇതെല്ലാം സഹിക്കുന്നത്. മണ്ണിന്റെ മക്കളായ നമ്മൾ, ജീർണതയും ചാരവുമായ നമ്മൾ, നമ്മെ അസ്വസ്ഥതപ്പെടുത്തുന്നവരെ നിഷ്‌ഠൂര ഹൃദയത്തോടെ ആക്രമിക്കുന്നു. എന്നാൽ, സ്വഭാവം കൊണ്ടും പ്രതാപംകൊണ്ടും നമ്മുടെ ഗ്രഹണ ശക്തിയെ അതിശയിക്കുന്നവനായ അവിടുന്ന് തന്നെ പ്രഹരിക്കുകയും നിന്ദിക്കുകയും ചെയ്‌തവ രോട് സഹിഷ്ണുത പുലർത്തുന്നു. എല്ലാ ജ്ഞാന ത്തിന്റെയും ദാതാവും മനുഷ്യന്റെയുള്ളിൽ മറഞ്ഞിരിക്കുന്നവയെ പോലും ഗ്രഹിക്കുന്നവനു മായ അവനെ അറിവില്ലാത്തവനെന്ന വിധത്തിൽ അവർ അവഹേളിച്ചു". (Commentary on Luke, Homily 150).

ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്കു ആശ്വാസം ലഭിക്കും (മത്തായി - 11:29) എന്ന് പറഞ്ഞ ഈശോ തന്റെ പീഡാനുഭവ വേളയിൽ പോലും അത് നമ്മുക്ക് കാണിച്ചു തരുന്നു. നമ്മെ മറ്റുള്ളവർ പരിഹസിക്കുമ്പോഴും കുറ്റം വിധിക്കുമ്പോഴും നമ്മുക്ക് എങ്ങനെയാണ് ശാന്തമായി ക്ഷമിക്കുവാൻ സാധിക്കുക? മറ്റുള്ളവർ നമ്മോട് കാണിക്കുന്ന ക്രൂരതകളും അതുമൂലമുണ്ടാകുന്ന ക്ലേശങ്ങളും വലിയ ഭാരമായി നമ്മുക്ക് അനുഭവപ്പെടുമ്പോഴാണ് നാം അസ്വസ്ഥരാകുകയും കോപിക്കുകയും ചെയ്യുന്നത്. എന്നാൽ അവയെല്ലാം ഈശോയുടെ കുരിശിനോട് ചേർത്തുവച്ചുകൊണ്ട് ഈശോപറഞ്ഞതുപോലെ അവിടുത്തെ നുകം വഹിക്കുക. അപ്പോൾ നമ്മുക്ക് ആശ്വാസം ലഭിക്കുമെന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു.

അതിനാൽ ഈ നോമ്പുകാലത്ത് നമ്മുക്ക് കൂടുതലായി ഈശോയുടെ നുകം വഹിക്കുകയും ഈശോയിൽ നിന്നും പഠിക്കുകയും ചെയ്യാം അപ്പോൾ നമ്മുക്ക് ശാന്തതയും ആശ്വാസവും ലഭിക്കും.


Related Articles »