News - 2025

അൽഫോൻസാമ്മ: ഈശോയുടെ സാന്നിധ്യത്തിൽ ജീവിച്ചവൾ

സിസ്റ്റർ റെറ്റി FCC 08-07-2024 - Monday

"ഒന്നും ഓർത്ത് നമ്മൾ ദുഃഖിക്കേണ്ടതില്ല കർത്താവ് എപ്പോഴും നമ്മോട് കൂടെയുണ്ട് "- വിശുദ്ധ അൽഫോൻസാ.

ദൈവപരിപാലനയുടെ പ്രവർത്തനങ്ങൾ അത്ഭുതകരങ്ങളാണ് അവ പലപ്പോഴും മനുഷ്യബുദ്ധിക്ക് അതീതവും ആണ് .അവ ഓരോന്നും മനസ്സിലാക്കാൻ നമുക്ക് സാധിക്കുകയില്ല. ദുർഘടമായ നമ്മുടെ ജീവിതത്തിൽ ദൈവം എപ്പോഴും നമ്മോട് കൂടെയുണ്ടെന്നുള്ള ചിന്ത എത്രയോ ആശ്വാസകരമാണ്. ദൈവം നമ്മോടൊപ്പം ഉണ്ട് എന്നത് നമ്മുടെ ജീവിതത്തിലെ ദൈവീക സാന്നിധ്യവും, അകമ്പടിയും പ്രകടിപ്പിക്കുന്നു.

ഇമ്മാനുവേൽ - ഹീബ്രു ഭാഷയിൽ "ദൈവം നമ്മോടുകൂടെ" എന്നർത്ഥം. ജീവിതത്തിലെ ബുദ്ധിമുട്ടുകളുടെയും അനിശ്ചിതത്വത്തിന്റെയും നടുവിൽ എപ്പോഴും നമ്മോടൊപ്പം ഉള്ള ദൈവം, നമ്മുടെ ജീവിതത്തിൽ സജീവമായി ഇടപെടുകയും നമ്മെ നയിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ദൈവം, ആശ്വാസത്തിന്റെയും ശക്തിയുടെയും പ്രതീക്ഷയുടെയും നിരന്തരമായ ഉറവിടമായ ദൈവം ഇതെല്ലാം കൊണ്ട് യേശുവിനെ നാം ഇമ്മാനുവേൽ എന്ന് വിളിക്കുന്നു. എന്നാൽ യഹൂദ മതത്തിൽ" തോറ" പറയുന്നു: ദൈവം നിങ്ങളോട് ഒപ്പം ഉണ്ട് കഷ്ടതയുടെ നടുവിൽ ദൈവം കൂടെയുണ്ട് (Ps:23/4).

ദൈവം നമ്മോടൊപ്പം ഉണ്ട് എന്നത് ശക്തമായ ഒരു ഓർമ്മപ്പെടുത്തലാണ്. ദൈവികമായ മാർഗനിർദ്ദേശങ്ങളും സംരക്ഷണവും നിരുപാധികമായ സ്നേഹവും സ്വകാര്യമായ ആന്തരിക സമാധാനവും ആത്മീയ വളർച്ചയും പ്രതികൂല സാഹചര്യങ്ങളിൽ പ്രതീക്ഷയും നൽകി നമ്മുടെ യാത്രയിൽ നാം ഒരിക്കലും തനിച്ചില്ലെന്ന് നമ്മെ ഓർമിപ്പിക്കുന്നു. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇസ്രായേൽക്കാരെ മോചിപ്പിക്കുവാൻ ദൈവം മോശയെ തെരഞ്ഞെടുത്തപ്പോൾ തന്റെ കഴിവില്ലായ്മയോർത്ത് അയാൾ ഭയപ്പെട്ടു എന്നാൽ ദൈവം പറഞ്ഞു: "ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെ ഉണ്ടായിരിക്കും" (പുറ :3/12).

താൻ ബാലൻ ആണെന്ന് പറഞ്ഞ് കർത്താവ് ഏൽപ്പിച്ച ദൗത്യത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ച ജെറമിയായോട് കർത്താവ് പറഞ്ഞു: "നീ ഭയപ്പെടേണ്ട നിന്റെ രക്ഷയ്ക്ക് ഞാൻ നിന്നോട് കൂടെയുണ്ട് "(ജെറമിയ 1/8). "ഇതാ കർത്താവിന്റെ ദാസി" എന്ന് പറഞ്ഞുകൊണ്ട് ദൈവപരിപാലനത്തിന് സ്വയം വിട്ടുകൊടുക്കാൻ തയ്യാറായ കന്യകാമറിയത്തിന് ദൈവം തന്റെ കൂടെയുണ്ട് എന്ന ബോധ്യം ഉണ്ടായിരുന്നു (Lk:1/38). മനുഷ്യമക്കളുടെ പാപ പരിഹാരാർത്ഥം വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിവന്ന, മണ്ണിന്റെ മക്കളോടൊപ്പം ജീവിച്ച, ചിരിച്ച, കരഞ്ഞ, മനുഷ്യനോട് പൊറുക്കുന്ന, അവനെ ഒരിക്കലും മറക്കാത്ത, യുഗാന്തരങ്ങളോളം മനുഷ്യരോടുകൂടെയുള്ള ദൈവമാണ് നമ്മുടേത്.

ദൈവം തന്റെ തൂവൽ കൊണ്ട് നമ്മെ മറച്ചു സംരക്ഷിക്കും, അവിടുത്തെ ചിറകുകൾക്ക് കീഴിൽ നമുക്ക് അഭയം തരും എന്ന് സങ്കീർത്തനം 91ൽ നാം വായിക്കുന്നു. കുഞ്ഞുങ്ങളെപ്പോലെ നിഷ്കളങ്കമായി ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ശൈശവത്തിൽ തന്നെ അനുഭവിക്കേണ്ടിവന്ന സഹനത്തെ നേരിട്ട് അപ്പോൾ അൽഫോൻസാമ്മ ദൈവപരിപാലനത്തിൽ മുറുകെ പിടിച്ചു. ഒന്നിന് പിറകെ ഒന്നായി രോഗങ്ങൾ വിടാതെ പിന്തുടരുകയും രോഗാവസ്ഥയിൽ നിസ്സഹായ ആവുകയും ചെയ്തപ്പോഴും ദൈവത്തിന്റെ കാരുണ്യത്തിൽ ആശ്രയിച്ചുകൊണ്ട് അൽഫോൻസാമ്മ എന്ന ആത്മീയ നൗക മുന്നോട്ട് നീങ്ങി. എന്റെ ശരീരവും മനസ്സും ക്ഷണിച്ചു പോയേക്കാം എന്നാൽ ദൈവമാണ് എന്റെ ബലം ദൈവത്തോട് ചേർന്ന് നിൽക്കുന്നതാണ് എന്റെ ബലം എന്ന് അൽഫോൻസാമ്മ കൂടെ കൂടെ പറയുമായിരുന്നു.

ദൈവ തൃക്കരമാണ് തന്നിൽ പ്രവർത്തിക്കുന്നതെന്ന് അവൾക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു കർത്താവിനെ പ്രതി എന്തും സഹിക്കുവാൻ അവൾ സന്നദ്ധയായിരുന്നു ദൈവപരിപാലനം ഓർത്ത് അൽഫോൻസാമ്മ സന്തോഷംകൊണ്ട് കണ്ണുനീർ പൊഴിച്ചിരുന്നു. നിസ്സഹായയും, നിസ്സാരയുമായ അൽഫോൻസാമ്മ എന്ന കന്യക എല്ലാം കർത്താവിനു കൊടുത്ത് അവിടുത്തെ സ്നേഹിച്ചു. കർത്താവ് അവൾക്ക് വിജയം കൊടുത്തു. ലോട്ടറി അടിച്ചവൻ അല്ല ഭാഗ്യവാൻ മറിച്ച് കർത്താവിന്റെ സാന്നിധ്യം എപ്പോഴും അനുഭവിക്കുന്നവൻ ഭാഗ്യവാനാണ്.

36 വർഷ കാലഘട്ടത്തിൽ അമ്മയുടെ ഉദരത്തിൽ ഉത്ഭവിച്ച നാൾ മുതൽ ആത്മാവിനെ കർത്താവിന്റെ സന്നിധിയിൽ ഏൽപ്പിച്ച ദിവസം വരെ അവൾ ദൈവസാന്നിധ്യത്തിൽ ജീവിച്ച വ്യക്തിയായിരുന്നു. അൽഫോന്‍സാമ്മയെപ്പോലെ ദൈവസാന്നിധ്യത്തിൻ്റെ തണലിലും നിഴലിലും ജീവിക്കാൻ നമുക്കു പരിശ്രമിക്കാം.


Related Articles »