India - 2024

നിർമല കോളേജിനെതിരെ നടക്കുന്ന ഗൂഢനീക്കങ്ങൾ അപലപനീയം: കെ.സി.വൈ.എം സംസ്ഥാന സമിതി

പ്രവാചകശബ്ദം 28-07-2024 - Sunday

കൊച്ചി: മൂവാറ്റുപുഴ നിർമല കോളേജിനെതിരെ ഒരു പറ്റം വിദ്യാർത്ഥികൾ നടത്തുന്ന വിദ്വേഷപ്രവർത്തനങ്ങൾ അപലപനീയമെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി. വിദ്യാഭ്യാസവും മതവും കൂട്ടിക്കലർത്തി ബോധപൂർവ്വം നടത്തപ്പെടുന്ന സമര പരിപാടികൾ വിദ്യാർഥികൾ അവസാനിപ്പിക്കേണ്ടതാണ്. കോളേജിനകത്ത് തന്നെ നിസ്കരിക്കുന്നതിനുള്ള സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ- വിദ്യാർത്ഥി സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യവും ജനാധിപത്യവിരുദ്ധവുമാണെന്ന് കെ‌സി‌വൈ‌എം ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച ദിവസങ്ങളിൽ മദ്രസകളിലും മോസ്കുകളിലും പോകുവാൻ അനുവാദം ഉണ്ടായിരിക്കെ തന്നെ ക്യാമ്പസിൽ നിസ്കാരം നടത്തുവാൻ സ്ഥലം ആവശ്യപ്പെട്ട് നിർബന്ധം കാണിക്കുന്നത് വർഗീയ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെയുള്ള പ്രവണതയായി മാത്രമേ നോക്കി കാണാൻ പറ്റുകയുള്ളു. ഇത്തരം വിഷയങ്ങൾ സ്ഥാപനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റം കൂടിയാണ്.

കോളേജുകളിലും സ്കൂളുകളിലും നിസ്കാരത്തിനായി സർക്കാർ അനുവദിച്ചിട്ടുള്ള നിശ്ചിത സമയം നിലവിലിരിക്കെ ഇത്തരം അനാവശ്യ പ്രതിഷേധങ്ങളെ ജനാധിപത്യ മര്യാദകളോടുകൂടി അവസാനിപ്പിക്കണം.

നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്ന യാതൊരു വിധത്തിലുള്ള പ്രവർത്തനങ്ങളും അനുവദിക്കാൻ പാടുള്ളതല്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സങ്കുചിത മനോഭാവത്തോടെ ഈ വിഷയങ്ങളിൽ ഇടപെടുന്നത് ആശങ്ക ഉളവാക്കുന്നു. പ്രസ്തുത വിഷയത്തിൽ കെ.സി.വൈ.എം സംസ്ഥാന സമിതി ശക്തമായ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും സംസ്ഥാന സമിതി പ്രസ്താവിച്ചു.


Related Articles »