India - 2025

വേളാങ്കണ്ണി; സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ

17-08-2024 - Saturday

ന്യൂഡൽഹി: വേളാങ്കണ്ണി ആരോഗ്യ മാതാവിന്റെ തിരുന്നാളിന് കൊടി ഉയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സ്പെഷ്യൽ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ. കേരളം, ചെന്നൈ, ആന്ധ്ര, തെലങ്കാന, എന്നിവിടങ്ങളിൽ‌ നിന്നുള്ള വിശ്വാസികൾക്ക് ഏറെ പ്രയോജനകരമായ വിധത്തിലാണ് ട്രെയിനുകള്‍ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 29നാണ് വേളാങ്കണ്ണി പെരുന്നാൾ ആരംഭിക്കുക. ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് ഈ ദിവസങ്ങളില്‍ ദേവാലയത്തില്‍ എത്തിച്ചേരുക.

തെലങ്കാനയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് വരുന്നവർക്ക് സെക്കന്ദരാബാദ് - വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനിനെ (07125, 07126) ആശ്രയിക്കാവുന്നതാണ്. സെക്കന്തരാബാദിൽ നിന്ന് വേളാങ്കണ്ണിയിലേക്കും തിരിച്ചും രണ്ടുവീതം സർവ്വീസുകളാണ് നടത്തുക. ഓഗസ്റ്റ് 27 മുതലാണ് സർവ്വീസ്. രാവിലെ 8.25 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.30 ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് വേളാങ്കണ്ണിയിൽ നിന്ന് രാത്രി 10.35 ന് പുറപ്പെട്ട് രണ്ടാം ദിവസം കാലത്ത് 3 മണിക്ക് സെക്കന്ദരാബാദിൽ എത്തിച്ചേരും.

ഗോവയിൽ നിന്നും ബെംഗളൂരുവില്‍ നിന്നുമുള്ള വിശ്വാസികൾക്ക് വാസ്കോ ഡ ഗാമ- വേളാങ്കണ്ണി സ്പെഷ്യൽ (07361, 07362) ട്രെയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 27 ചൊവ്വാഴ്ച, സെപ്റ്റംബർ 2 തിങ്കളാഴ്ച, സെപ്റ്റംബർ 6 വെള്ളിയാഴ്ച എന്നീ തീയതികളിൽ ഗോവയിൽ നിന്ന് യാത്ര പുറപ്പെടും ഈ ട്രെയിൻ. രാത്രി 9.55 ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം പുലർച്ചെ 1.10 ന് വേളാങ്കണ്ണിയിലെത്തും. ഇരുപത്തേഴര മണിക്കൂർ യാത്രയുണ്ട്. വേളാങ്കണ്ണിയിൽ നിന്ന് ഈ ട്രെയിൻ തിരിച്ച് ഓഗസ്റ്റ് 29 വ്യാഴാഴ്ച, സെപ്റ്റംബർ 4 ബുധനാഴ്ച, സെപ്റ്റംബർ 8 ഞായറാഴ്ച എന്നീ ദിവസങ്ങളിൽ ഗോവയിലേക്ക് തിരിക്കും.

ചെന്നൈയിൽ നിന്നുള്ള വിവിധ വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനുകൾ പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ദിവസങ്ങളിൽ ഓടും. ചെന്നൈ - തിരുനെൽവേലി വീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ (06070) ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ വ്യാഴാഴ്ചകളിൽ ഓടും. ചെന്നൈ-തിരുനെൽവേലി (06069) ട്രെയിൻ ഓഗസ്റ്റ് 23 മുതൽ സെപ്തംബർ 6 വരെ വെള്ളിയാഴ്ചകളിൽ ഈ റൂട്ടിൽ ഓടും. ചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ രണ്ടു ദിശയിലേക്കും ഞായർ, ശനി, തിങ്കൾ ദിവസങ്ങളിലാണ് ഓടുക. ഓഗസ്റ്റ് 23 മുതൽ സെപ്തംബർ വരെചെന്നൈ - വേളാങ്കണ്ണി ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ ഞായറാഴ്ചകളിലും, വേളാങ്കണ്ണി -ചെന്നൈ ബൈവീക്ക്‌ലി സ്പെഷ്യൽ ട്രെയിൻ ശനി, തിങ്കൾ ദിവസങ്ങളിലുമാണ് ഓടുക.

താംബരം -രാമനാഥപുരം ബൈവീക്ക്‌ലി ട്രെയിൻ (06051) വ്യാഴം, ശനി ദിവസങ്ങളിൽ ഓടും. ഓഗസ്റ്റ് 29 മുതൽ സെപ്തംബർ 14 വരെയാണ് സർവ്വീസ്. തിരിച്ചുള്ള രാമനാഥപുരം - ചെന്നൈ ബൈവീക്ക്‌ലി ട്രെയിൻ (06052) ഓഗസ്റ്റ് 30 മുതൽ സെപ്തംബർ 15 വരെ ഓടും. വെള്ളി, ഞായർ ദിവസങ്ങളിലാണിത്.

കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് ഒരു ട്രെയിനാണ് ഉള്ളത്. എല്ലാ തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ (16361). ഞായറാഴ്ച രാവിലെ 5.45നാണ് ട്രെയിൻ പുറപ്പെടുക. സ്ലീപ്പർ, എസി 3 ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണുള്ളത്. പതിനാറര മണിക്കൂറാണ് യാത്രാസമയം. എറണാകുളം ജങ്ഷൻ വിട്ടാൽ ഈ ട്രെയിനിന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം ജങ്ഷൻ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം ജംക്ഷൻ, കുണ്ടറ, കൊട്ടാരക്കര, അവുണേശ്വരം, പുനലൂർ, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

തമിഴ്നാട്ടിൽ തെന്മല, ചെങ്കോട്ട, തെങ്കാശി ജങ്ഷൻ, കാടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ ജങ്ഷൻ, അരുപ്പുക്കോട്ടൈ, മാണമദുരൈ ജങ്ഷൻ, കരൈക്കുടി ജങ്ഷൻ, അരന്താനി, പെരവൂർണി, പട്ടുക്കോട്ടൈ, അതിരംപട്ടിണം, തിരുതുറൈപുണ്ടി എന്നീ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്. വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് (16362) ട്രെയിനിന്റെ തിരിച്ചുള്ള യാത്ര ചൊവ്വ ഞായർ ദിവസങ്ങളിലാണ്. വൈകീട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം കാവിലെ 11.40ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും.


Related Articles »