India - 2025

ആര്‍ച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31ന്

പ്രവാചകശബ്ദം 31-08-2024 - Saturday

ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഒക്ടോബർ 31 വ്യാഴാഴ്‌ച ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽവച്ച് നടത്തപ്പെടും. നിയുക്ത മെത്രാപ്പോലീത്തായ്ക്ക് ഇന്നു വൈകീട്ട് 4 മണിക്ക് മാതൃ ഇടവക കൂടിയായ ചങ്ങനാശേരി സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ കാനോനിക സ്വീകരണം നൽകും. നിയുക്ത മെത്രാപ്പോലീത്തായെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. മെത്രാപ്പോലീത്തൻ പള്ളി വികാരി വെരി റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ ആനവാതിൽക്കൽ കാനോനിക സ്വീകരണ ശുശ്രൂഷ നടത്തി പള്ളിയിലേക്ക് ആനയിക്കും.

തുടർന്ന് മാർ ജോസഫ് പെരുന്തോട്ടം പിതാവ് മാർ തോമസ് തറയിൽ പിതാവിനെ അതിരൂപതയിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്‌തു പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ആശംസകൾ അർപ്പിക്കും. മാർ തോമസ് തറയിൽ മറുപടി പ്രസംഗം നടത്തി ശ്ലൈഹീക ആശീർവാദം നൽകും. കത്തീഡ്രൽ പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം നിയുക്ത മെത്രാപ്പോലീത്ത കബറിടപ്പള്ളി സന്ദർശിച്ച് പുഷ്പാർച്ചന നടത്തും.

സ്വർഗപ്രാപ്‌തരായ പിതാക്കൻമാരുടെ കബറിടത്തിങ്കൽ പരിപാടികൾക്ക് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ.വർഗീസ് താനമാവുങ്കൽ, വെരി റവ. ഡോ. ഐസക് ആഞ്ചേരി, വെരി റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ, ഇടവക കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും.


Related Articles »