News - 2024

നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ വൈദികൻ അന്തരിച്ചു

പ്രവാചകശബ്ദം 27-11-2024 - Wednesday

അബൂജ: നൈജീരിയയിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികന്‍ റവ. മോണ്‍. തോമസ് ഒലെഗെ അന്തരിച്ചു. ക്രിസ്തുവിൻ്റെ രാജത്വ തിരുനാള്‍ ദിനമായ നവംബർ 24ന് പുലർച്ചെയാണ് മോണ്‍. തോമസ് ഒലെഗെ വിടവാങ്ങിയത്. 104 വയസ്സായിരിന്നു. എഴുപതിറ്റാണ്ടോളമാണ് അദ്ദേഹം വൈദികനായി സേവനം ചെയ്തത്. ഭൂമിയിൽ നന്നായി ജീവിച്ചതിന് ദൈവത്തോടുള്ള നന്ദിയോടെയാണ് അദ്ദേഹം വിടവാങ്ങിയതെന്ന് ഓച്ചി രൂപത ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ പറഞ്ഞു.

അന്തരിച്ച കത്തോലിക്ക വൈദികന്റെ ജീവിതം വിശ്വാസം, വിനയം, ഭക്തി എന്നിവയുടെ സദ്ഗുണങ്ങളുടെ ഉജ്ജ്വലമായ സാക്ഷ്യമാണെന്നും ബിഷപ്പ് അനുസ്മരിച്ചു. 1920 ഫെബ്രുവരിയിൽ ജനിച്ച ഒലെഗെ 1957 ഡിസംബറിലാണ് വൈദികനായി അഭിഷിക്തനായത്. സെൻ്റ് ജോൺ ദി അപ്പോസ്തലന്‍ ഇടവക ഉൾപ്പെടെയുള്ള ഓച്ചി രൂപതയിലെ വിവിധ ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു.

ആയിരിന്ന സ്ഥലങ്ങളില്‍ എല്ലാം ക്രിസ്തുവിനെ പകരുവാന്‍ അദ്ദേഹം പ്രത്യേക ഇടപെടല്‍ നടത്തി. മുൻ എഡോ സ്റ്റേറ്റ് ഗവർണർ ഗോഡ്വിൻ ഒബാസെക്കി ഫാ. ഒലെഗെയെ "കത്തോലിക്ക വിശ്വാസത്തിൻ്റെ മഹത്തായ മിഷ്ണറി" എന്ന് വിശേഷണം നല്‍കിയിരിന്നു. മോണ്‍. തോമസ് ഒലെഗെയുടെ വിയോഗത്തില്‍ നൈജീരിയന്‍ സെനറ്റ് മെമ്പര്‍ ഓഷിയോംഹോൾ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ദുഃഖം രേഖപ്പെടുത്തി.

More Archives >>

Page 1 of 1025