News

മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷന്‍ കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ ദിവംഗതനായി

പ്രവാചകശബ്ദം 26-11-2024 - Tuesday

വത്തിക്കാന്‍ സിറ്റി: സ്പാനിഷ് വംശജനായ മതാന്തര സംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്ട് കർദ്ദിനാൾ മിഗുവൽ ഏഞ്ചൽ ആയുസോ ഗുയ്‌സോട്ട് ദിവംഗതനായി. ദീർഘകാലമായി അസുഖബാധിതനായിരിന്ന അദ്ദേഹം ഇന്ന് രാവിലെയാണ് ദിവംഗതനായത്. എഴുപത്തിരണ്ട് വയസ്സായിരിന്നു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇസ്ലാം മതവുമായുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും മതാന്തര സംവാദത്തിനായും അദ്ദേഹം നിരന്തരം ഇടപെടല്‍ നടത്തിയിരിന്നു. 2019-ൽ അബുദാബിയിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവെച്ച ലോക സമാധാനത്തിനും മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള പ്രമാണം യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രത്യേക ഇടപെടല്‍ നടത്തിയ വ്യക്തിയായിരിന്നു കർദ്ദിനാൾ മിഗുവൽ.

മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ചരിത്രപരമായ സന്ദർശനങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ആദ്യം മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെ സെക്രട്ടറിയായും, 2019 ഒക്ടോബറിനുശേഷം, ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായും ഫ്രാന്‍സിസ് പാപ്പയുടെ യുഎഇ, മൊറോക്കോ, ഇറാഖ്, കസാഖിസ്ഥാന്‍, ബഹ്‌റൈന്‍ സന്ദർശനങ്ങളിൽ മുഖ്യ സംഘാടകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരിന്നു.

1952 ജൂൺ 17-ന് സ്‌പെയിനിലെ സെവില്ലയിൽ ജനിച്ച ആയുസോ ഒമ്പത് മക്കളിൽ അഞ്ചാമനായിരുന്നു. സെവില്ലെ സർവ്വകലാശാലയിൽ അദ്ദേഹം ആദ്യം നിയമം പഠിച്ചെങ്കിലും വൈദിക വിളിയില്‍ ആകൃഷ്ട്ടനായി. 1973-ൽ അദ്ദേഹം കോംബോണി മിഷ്ണറീസ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് എന്ന സന്യാസ സമൂഹത്തില്‍ ചേർന്നു. 1980-ൽ നിത്യവ്രതമെടുത്തു. അതേ വർഷം തന്നെ വൈദികനായി അഭിഷിക്തനായി. 1982-ൽ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറബിക് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിൽ (പിസായ്) ലൈസൻസ് നേടി. 2000-ൽ ഗ്രാനഡ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിൽ തുടർ സഭാ വിദ്യാഭ്യാസം നേടി.

മതാന്തര സംവാദത്തിലുള്ള ആയുസോയുടെ വൈദഗ്ധ്യം, 2007-ൽ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെ കൺസൾട്ടറായി അദ്ദേഹത്തെ നിയമിക്കുന്നതിന് കാരണമായി. 2012-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെ സെക്രട്ടറിയായി നിയമിച്ചു. 2016-ൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ലുപ്പർസിയാനയിലെ ആർച്ച് ബിഷപ്പും ടൈറ്റുലർ ബിഷപ്പുമായും 2019-ൽ അദ്ദേഹത്തെ മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിലിൻ്റെ പ്രസിഡൻ്റായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഇതേ വർഷം ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. 2019 ഓഗസ്റ്റ് 6-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ പൗരസ്ത്യ സഭകള്‍ക്കായുള്ള കോൺഗ്രിഗേഷന്റെ അംഗമായി നിയമിച്ചിരിന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


More Archives >>

Page 1 of 1024