News - 2025
അര നൂറ്റാണ്ടിന് ശേഷം ജോർദാൻ നദിക്കരയിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പണം ഒരുങ്ങുന്നു
പ്രവാചക ശബ്ദം 07-01-2021 - Thursday
ജോർദാൻ: യേശുക്രിസ്തുവിന് ജ്ഞാനസ്നാനം നൽകിയ ജോർദാൻ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചാപ്പലിൽ അന്‍പത്തിനാലു വർഷങ്ങൾക്കുശേഷം ആദ്യമായി വിശുദ്ധ കുർബാന അർപ്പണം നടക്കും. ദനഹാ തിരുനാളിനോടനുബന്ധിച്ചു ജനുവരി പത്താം തീയതിയാണ് വിശുദ്ധ കുർബാന അർപ്പണം നടക്കുക. 1967ൽ ഇസ്രായേലും, അറബ് രാജ്യങ്ങളുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നൂറു വർഷത്തോളം പഴക്കമുള്ള ദേവാലയവും, സന്യാസ ആശ്രമവും ഉപേക്ഷിക്കപ്പെട്ടിരുന്നു. യുദ്ധത്തെ തുടർന്ന് ഇസ്രായേൽ ഈ പ്രദേശം ജോർദാന്റെ പക്കൽനിന്ന് പിടിച്ചെടുത്തുവെങ്കിലും പിന്നീട് ഇസ്രായേലി സേനയും, പലസ്തീൻ പോരാളികളും തമ്മിൽ തുടർച്ചയായി പോരാട്ടം നടന്നതിനാൽ വിശ്വാസികൾക്ക് ഇവിടേക്ക് പ്രവേശനം അസാധ്യമായിരിന്നു.
പോരാട്ടത്തിന്റെ ബാക്കിപത്രമായി രണ്ടാം നിലയിലുള്ള ചാപ്പലിന്റെ ചുമരുകളിലും, കീഴിലുള്ള സന്യാസ ആശ്രമത്തിന്റെ ചുവരുകളിലും വെടിയുണ്ടകളുടെ പാടുകൾ ഇപ്പോഴും ദൃശ്യമാണ്. 54 വർഷങ്ങൾക്കു ശേഷം വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ജനുവരി പത്താം തീയതി ഒരു പ്രത്യേകതയുള്ള ദിവസമായിരിക്കുമെന്ന് വിശുദ്ധ നാട്ടിലെ ക്രൈസ്തവരുടെ വിശുദ്ധ സ്ഥലങ്ങളുടെ ചുമതലയുള്ള ഫ്രാൻസിസ്കൻ സഭയുടെ ചാൻസിലർ ഫാ. ഇബ്രാഹിം ഫാൾട്ടാസ് പറഞ്ഞു. ഇത് തങ്ങൾക്ക് സമാധാനത്തിനുവേണ്ടിയുള്ള പ്രതീക്ഷകൾ നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1641 മുതലാണ് ഫ്രാൻസിസ്കൻ സഭാംഗങ്ങൾ ഇവിടേയ്ക്ക് എത്തി തുടങ്ങുന്നത്. 1920കളുടെ തുടക്കത്തിൽ ദേവാലയം പണിയാൻ വേണ്ടി അവർ സ്ഥലം വാങ്ങാൻ ആരംഭിച്ചു. 1935ൽ അവർ പണികഴിപ്പിച്ച സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയം ഭൂമികുലുക്കത്തിൽ തകർന്നിരിന്നു. ഈ ദേവാലയം നിലനിന്നിരിന്ന അതേ സ്ഥലത്താണ് ഇപ്പോഴത്തെ ചാപ്പൽ ഫ്രാൻസിസ്കൻ സഭാംഗങ്ങൾ നിർമ്മിക്കുന്നത്. പ്രദേശത്തുള്ള കുഴിബോംബുകൾ നീക്കം ചെയ്തു വിശ്വാസികളെ ഇവിടേക്ക് എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. ജോർദാനുമായി സമാധാന കരാർ ഒപ്പിട്ടതിനുശേഷം 1994 മുതലാണ് ദനഹാ തിരുനാളിനും ഉയർപ്പ് തിരുനാളിനു വിശ്വാസികൾക്ക് സംഘമായി ഇവിടേക്ക് എത്തിച്ചേരാൻ അവസരം ലഭിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക