India - 2024

നിസാര കാരണങ്ങളുടെ പേരിലുള്ള കുടുംബതകർച്ചയെ സഭയും സമൂഹവും ഗൗരവമായി കാണണം: മാർ എടയന്ത്രത്ത്

സ്വന്തം ലേഖകന്‍ 26-11-2016 - Saturday

കൊച്ചി: നിസാരകാര്യങ്ങളുടെ പേരിൽ നിരവധി കുടുംബജീവിതങ്ങൾ തകരുന്നതിനെ സഭയും സമൂഹവും ഗൗരവമായി കാണണമെന്നു കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. ഫാമിലി കമ്മീഷൻ, പ്രൊലൈഫ് സമിതി, മരിയൻ സിംഗിൾസ് സൊസൈറ്റി എന്നിവയുടെ സംയുക്‌ത സംസ്‌ഥാനതല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാ കാഴ്ചപ്പാടനുസരിച്ചു വിവാഹം വിശുദ്ധമാണ്. തിരുവിവാഹം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. വിവാഹമോചനങ്ങൾ വർധിക്കുന്നതു കുടുംബബന്ധങ്ങളുടെയും സാമൂഹ്യബന്ധങ്ങളുടെയും തകർച്ചയാണു വ്യക്‌തമാക്കുന്നത്. കുടുംബജീവിതം നയിക്കുന്നവർക്കു പ്രോത്സാഹനങ്ങൾ നൽകാനും പ്രതിസന്ധികളിൽ പിന്തുണ നൽകാനും നാം ശ്രദ്ധിക്കണം. ഗാർഹികസഭയായ കുടുംബങ്ങളുടെ വളർച്ച സഭയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി, ഫാ.ഡിക്സൺ ഫെർണാണ്ടസ്, ഫാ.ജോസഫ് കൊല്ലക്കൊമ്പിൽ, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബു ജോസ്, ട്രഷറർ അഡ്വ.ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, മരിയൻ സിംഗിൾസ് സൊസൈറ്റി പ്രസിഡന്റ് മേരി മലേപറമ്പിൽ എന്നിവർ പ്രസംഗിച്ചു. രൂപത കുടുംബ പ്രേഷിത വിഭാഗം ഡയറക്ടർമാരും പ്രോലൈഫ്, മരിയൻ സിംഗിൾസ് എന്നിവയുടെ സംസ്‌ഥാന സമിതിയംഗങ്ങളും പങ്കെടുത്തു.