India

കോതമംഗലത്ത് കപ്പേളയ്ക്കു നേരേ ആക്രമണം

സ്വന്തം ലേഖകന്‍ 20-12-2016 - Tuesday

കോതമംഗലം: തങ്കളത്ത് നെല്ലിക്കുഴി സെന്റ് ജോസഫ്സ് പള്ളിയുടെ കപ്പേളയുടെ ഗ്ലാസ് ഡോറുകൾ അടിച്ച് തകർത്തു. ധർമ്മഗിരി പ്രൊവിൻഷ്യൽ ഹൗസിനു മുന്നിലുള്ള കപ്പേളയ്ക്കു നേരെയാണ് ആക്രമണം നടന്നത്. ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. സംഭവത്തിന് പിന്നിൽ ബൈക്കിലെത്തിയ മൂന്നു പേരാണെന്നു പോലീസ് നിഗമനം. കപ്പേളയ്ക്കു സമീപത്തുള്ള സ്ഥാപനത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന്‍ പോലീസില്‍ മൊഴി നല്കിയിട്ടുണ്ട്.

ആലുവ മൂന്നാർ റോഡിന്റെ ഓരത്ത് നിന്നും അൽപ്പം ഉള്ളിലേയ്ക്കു കയറി സ്‌ഥിതി ചെയ്യുന്ന കപ്പേളയുടെ പടികൾ കയറി ഉള്ളിൽ ചെന്നാണ് ഗ്ലാസ് വാതിലുകൾ തകർത്തിട്ടുള്ളത്. സംഭവമറിഞ്ഞ് പുലർച്ചെ രൂപത വികാരി ജനറാൾ മോൺ. ജോർജ് ഓലിയപ്പുറം, ഇടവക വികാരി ഫാ.ജോർജി പള്ളിക്കുന്നേൽ തുടങ്ങിയവർ സ്‌ഥലത്തെത്തി.

കവർച്ച ലക്ഷ്യമിട്ടല്ല ആക്രമണം നടന്നതെന്നു വ്യക്‌തമായിട്ടുണ്ട്. കപ്പേളയ്ക്കു മുന്നിലെ നേര്‍ച്ചപെട്ടിയ്ക്ക് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. സംഭവത്തിൽ വിവിധ ഭക്‌തസംഘടനകളും, എകെസിസിയും പ്രതിഷേധം രേഖപ്പെടുത്തി. എകെസിസി നെല്ലിക്കുഴി യൂണിറ്റിന്റെ നേത്യത്വത്തിൽ പ്രതിഷേധ യോഗവും ചേര്‍ന്നിരിന്നു.