News - 2024

ഡൊമനിക്കന്‍ സഭ സ്ഥാപിതമായതിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര കോണ്‍ഗ്രസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍ 18-01-2017 - Wednesday

വത്തിക്കാന്‍: ഡൊമനിക്കന്‍ സഭ സ്ഥാപിതമായതിന്റെ 800-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര കോണ്‍ഗ്രസ് റോമില്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഡൊമനിക്കന്‍ സഭാംഗങ്ങളായ നിരവധി വൈദികരും കന്യാസ്ത്രീകളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ തുടങ്ങിയ സമ്മേളനം ഈ മാസം 21-ാം തീയതിയാണ് അവസാനിക്കുക. ദൈവം പരിപാലിച്ചു വളര്‍ത്തിയ വര്‍ഷങ്ങളെ ഓര്‍ത്ത് കൃതജ്ഞത പ്രകാശിപ്പിക്കുവാനും മുന്നോട്ടുള്ള സുവിശേഷ, സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുവാനുമായിട്ടാണ് റോമില്‍ പ്രത്യേക സമ്മേളനം നടത്തപ്പെടുന്നത്.

ഡൊമനിക്കന്‍ വൈദികരുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഉള്ളതിലും അധികമായി എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാമെന്നതാണ് കോണ്‍ഫറന്‍സിലെ മുഖ്യ ചര്‍ച്ചയെന്ന് ബ്രദര്‍ വിവിയന്‍ ബോളാന്‍ഡ് കത്തോലിക്ക മാധ്യമമായ സിഎന്‍എയോട് പറഞ്ഞു. "കഴിഞ്ഞ കാലങ്ങളില്‍ ദൈവം നല്‍കിയ അനവധിയായ നന്മകള്‍ക്കായി അവിടുത്തേക്ക് കൃതജ്ഞത അര്‍പ്പിക്കുന്നു. ഡൊമനിക്കന്‍ സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കാനായുള്ള കൃപയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പുതിയ അഭിഷേകം പ്രാപിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം".

"യേശുക്രിസ്തുവിന്റെ സുവിശേഷത്തെ ലോകത്തില്‍ പ്രസംഗിക്കുന്നത് ഞങ്ങള്‍ മാത്രമല്ല. നിരവധി പേര്‍ ഇതേ പ്രവര്‍ത്തനം ചെയ്യുന്നു. എന്നാല്‍ ഒരു പ്രത്യേക ജൂബിലി വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സഭയിലൂടെ എങ്ങനെ കൂടുതല്‍ ശക്തിയോടെ സുവിശേഷത്തെ പ്രഘോഷിക്കാം എന്നതിനാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. സുവിശേഷത്തെ പ്രസംഗിക്കുക എന്നത് ഏറെ കരുതലോടെ ചെയ്യേണ്ട ഒരു പ്രവര്‍ത്തിയാണ്. ശക്തമായ മുന്നൊരുക്കങ്ങള്‍ ഇതിന് ആവശ്യമാണ്. ദൈവശാസ്ത്രപരമായ മേഖലകളിലും, ശാസ്ത്രം, സംസ്‌കാരം, സമൂഹത്തിന്റെ വിവിധ വശങ്ങള്‍ തുടങ്ങിയവയെല്ലാം സുവിശേഷ പ്രഘോഷണവുമായി ബന്ധപ്പെട്ടു കിടക്കുന്നു". ബ്രദര്‍ വിവിയന്‍ ബോളാന്‍ഡ് പറഞ്ഞു.

പ്രാര്‍ത്ഥനകള്‍ക്കായും, ധ്യാനത്തിനായും, ചര്‍ച്ചകള്‍ക്കായും പ്രത്യേകം സമയം പരിപാടിയില്‍ വേര്‍തിരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പടര്‍ന്നു കിടക്കുന്ന ഡൊമനിക്കന്‍ സഭാംഗങ്ങള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുവാനുള്ള അവസരം കൂടിയാണ് ഇത്തരം കൂട്ടായ്മകളിലൂടെ ലഭിക്കുന്നത്. സഭയിലെ വൈദികരും കന്യാസ്ത്രീമാരുമായ അംഗങ്ങളെ കൂടാതെ അത്മായരായ നിരവധി പേരും റോമിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സാധാരണയായി ഇത്തരത്തിലുള്ള അന്താരാഷ്ട്ര കോണ്‍ഗ്രസുകള്‍ 12 വര്‍ഷത്തിലോ 13 വര്‍ഷത്തിലോ ഒരിക്കലാണ് നടത്തപ്പെടുക.

800 വര്‍ഷത്തെ സഭാ സേവനത്തിനിടെ ഡൊമനിക്കന്‍ സന്യാസ സമൂഹത്തിന് 130 വിശുദ്ധരെ സഭയ്ക്കായി നല്‍കുവാന്‍ സാധിച്ചു. വിശുദ്ധ തോമസ് അക്വീനാസും, സിയന്നായിലെ വിശുദ്ധ കാതറിനും ഇവരില്‍ ചിലരാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിയോടെ കര്‍ത്താവിന്റെ സുവിശേഷത്തെ ലോകമെങ്ങും എത്തിക്കാനും സേവന പ്രവര്‍ത്തനങ്ങളില്‍ തീക്ഷ്ണതയോടെ വ്യാപൃതരാകാനുമുള്ള തയ്യാറെടുപ്പിലാണ് ഡൊമനിക്കന്‍ സഭ.


Related Articles »