News - 2025
ഡൊമിനിക്കന്‍ സന്യാസിനിയെ പൊന്തിഫിക്കല്‍ സോഷ്യല്‍ അക്കാദമിയുടെ പുതിയ പ്രസിഡന്‍റായി നിയമിച്ച് പാപ്പ
പ്രവാചകശബ്ദം 05-04-2023 - Wednesday
വത്തിക്കാന്‍ സിറ്റി: സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാസ്ത്രങ്ങളുടെ പഠനവും പുരോഗതിയും കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായിരിക്കുന്ന പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പുതിയ സാരഥിയായി സമര്‍പ്പിത. റോമിലെ ആംഗ്ലിക്കന്‍ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഡീനും ‘സെന്റ് കാതറിന്‍ ഓഫ് സിയന്ന ഓഫ് ക്വാസുളു-നാതാല്‍’ സന്യാസ സമൂഹാംഗവുമായ സിസ്റ്റര്‍ ഹെലന്‍ ആല്‍ഫോര്‍ഡിനെയാണ് ഫ്രാന്‍സിസ് പാപ്പ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പുതിയ പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 1-നാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച നിയമന ഉത്തരവ് പുറത്തുവിട്ടത്. 2020 മുതല്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസ് അംഗമായി സേവനം ചെയ്തുവരികയായിരുന്ന സിസ്റ്റര്‍ ആല്‍ഫോര്‍ഡ് ഈ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ്. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന സിസ്റ്റര്‍ ആല്‍ഫോര്‍ഡ്, കേംബ്രിജ് സര്‍വ്വകലാശാലയില്‍ നിന്നും എഞ്ചിനീയറിംഗ് മാനേജ്മെന്റില്‍ പി.എച്ച്.ഡി എടുത്ത ശേഷമാണ് ഡൊമിനിക്കന്‍ സമൂഹത്തില്‍ ചേരുന്നത്.
ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റെഫാനോ സാമാഗ്നിയുടെ പിന്‍ഗാമിയായിട്ടാണ് സിസ്റ്റര്‍ ഈ പദവിയില്‍ എത്തുന്നത്. നന്മയും, നീതിയും, സമാധാനവും നിറഞ്ഞ സാമൂഹിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും, ദൈവദത്തമായ മാനുഷിക അന്തസിനെ അംഗീകരിക്കുകയും ചെയ്യുന്നതില്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിനു വളരെയേറെ പ്രാധാന്യമുണ്ടെന്നു സിസ്റ്റര്‍ ആല്‍ഫോര്‍ഡ് നേരത്തെ പറഞ്ഞിരിന്നു. 1994-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് സ്ഥാപിച്ചത്.