News - 2025

ഗ്രഹാം സ്റ്റെയ്ൻസിന്റെ രക്തസാക്ഷിത്വത്തിന് 18 വര്‍ഷം: സ്മരണയില്‍ രാജ്യത്തെ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 24-01-2017 - Tuesday

ബാല്‍സോറെ: ഓസ്‌ട്രേലിയന്‍ മിഷ്‌ണറിയായിരുന്ന ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്നിട്ടു 18 വര്‍ഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രാഹം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്.

ഒറീസായിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ അവര്‍ക്കെതിരെ തിരിഞ്ഞിരിന്നത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്.

ഗ്രഹാം സ്റ്റെയിന്‍സിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഹൈന്ദവ തീവ്രവാദികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ കോടതികള്‍ പോലും പലപ്പോഴും ശരിയായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് കാത്തലിക് ആക്റ്റിവിസ്റ്റായ ജോണ്‍ ദയാല്‍ പറഞ്ഞു. ഇത്തരം വീഴ്ച്ചകള്‍ മൂലമാണ് ഒഡീഷയില്‍ 2008-ലും ക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. ആദിവാസികളെയും ദളിതരെയും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മിഷ്‌ണറിമാരെയും ഇന്നും വേട്ടയാടുന്ന സമീപനമാണ് പല സര്‍ക്കാരുകളും നടപ്പിലാക്കുന്നതെന്നും ജോണ്‍ ദയാല്‍ ആരോപിച്ചു.

ഒറീസ സര്‍ക്കാരാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെ മരണത്തിന് ഉത്തരവാദികളെന്ന് കത്തോലിക്ക പ്രവര്‍ത്തകനായ ജുഗല്‍ കിഷോര്‍ രഞ്ജിത്ത് ചൂണ്ടികാണിക്കുന്നു. ഹൈന്ദവ തീവ്രവാദികളെ സംരക്ഷിക്കുന്ന തരം നിലപാടുകളാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രിസ്തുവിന്റെ സന്ദേശത്തെ ശരിയായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സെന്നും അദ്ദേഹം അനുസ്മരിച്ചു.

ഒഡീഷ ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയുടെ ഡയറക്ടറായ ഫാദര്‍ അജയ് കുമാര്‍ സിംഗ് വിഷയത്തില്‍ നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധേയമാണ്. "ഹിന്ദുത്വ തീവ്രവാദ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘമാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസും, എം.എം ജോഷിയും പറഞ്ഞിരുന്നു. ഇന്നും ഇതേ രീതിയിലുള്ള സംഘടനകളാണ് സര്‍ക്കാരുകളെ പോലും നിയന്ത്രിക്കുന്നത്. ക്രൈസ്തവര്‍ക്കു നീതി നിഷേധിക്കപ്പെടുമെന്ന കാര്യം അതില്‍ നിന്നും തന്നെ വ്യക്തമാണ്". ഫാദര്‍ അജയ് കുമാര്‍ സിംഗ് ചൂണ്ടികാണിച്ചു.

ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നത് 2006-ല്‍ ആണ്. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ ഈ രാജ്യത്ത് തുടരുന്നു.


Related Articles »