News - 2025

അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്തി

സ്വന്തം ലേഖകന്‍ 26-01-2017 - Thursday

വത്തിക്കാന്‍: പ്രശസ്ത ഹോളിവുഡ് സിനിമ താരവും കാലിഫോര്‍ണിയുടെ മുന്‍ ഗവര്‍ണ്ണറുമായിരുന്ന അര്‍ണോള്‍ഡ് ഷ്വാര്‍സ്നെഗര്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച തോറും നടത്താറുള്ള മാര്‍പാപ്പയുടെ പൊതുപ്രസംഗത്തിന് ശേഷമാണ് അര്‍ണോള്‍ഡ് പരിശുദ്ധ പിതാവിനെ നേരില്‍ കണ്ട് സംസാരിച്ചത്. മാര്‍പാപ്പയെ നേരില്‍ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞതിനെ അഭിമാനകരമായ നിമിഷം എന്നാണ് അര്‍ണോള്‍ഡ് വിശേഷിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പാപ്പയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ അര്‍ണോള്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

പോള്‍ ആറാമന്‍ ഹാളില്‍ നടന്ന പൊതുപ്രസംഗം ശ്രവിക്കുവാന്‍ നൂറുകണക്കിനു വിശ്വാസികളാണ് എത്തിയിരിന്നത്. അസീറിയന്‍ രാജാവായിരുന്ന നബുക്കദ്നേസറിന്‍റെ ആക്രമണത്തില്‍ നിന്ന് ഇസ്രായേലിനെ രക്ഷിക്കാന്‍ ദൈവം തിരഞ്ഞെടുത്ത യൂദിത്തിനെ പറ്റിയായിരിന്നു മാര്‍പാപ്പയുടെ പ്രസംഗം. സ്ത്രീകള്‍ക്കുള്ള പ്രത്യേക മാനസിക ബലത്തെ മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ പ്രശംസിച്ചു. തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ പുരുഷന്‍മാരെക്കാളും മാനസിക ബലമുള്ളവര്‍ സ്ത്രീകളാണെന്ന് പാപ്പ അഭിപ്രായപ്പെട്ടു. വലിയ കരഘോഷത്തോടെയാണ് കേള്‍വിക്കാര്‍ ഈ വാക്കുകളെ സ്വീകരിച്ചത്.

"ജ്ഞാനമുള്ള ദൈവഭക്തയായ യുവതിയായിരുന്ന യൂദിത്ത്. ഇസ്രായേല്‍ മക്കള്‍ ദൈവത്തിലുള്ള പ്രത്യാശ നഷ്ടപ്പെട്ടിരുന്ന വേളയില്‍ അവരിലേക്ക് ദൈവവിശ്വാസം കൊണ്ടുവന്നത് യൂദിത്താണ്. ശത്രുസൈന്യം അവരെ വളഞ്ഞപ്പോള്‍ ഇസ്രായേല്‍ ജനം തളര്‍ന്നു പോയി. ദൈവം തങ്ങളെ വിറ്റുകളഞ്ഞു എന്ന ചിന്തയിലേക്കാണ് അവര്‍ എത്തിച്ചേര്‍ന്നത്. പലപ്പോഴും ഇതേ മാനസിക തലങ്ങളിലേക്ക് നാം ഓരോരുത്തരും എത്തിച്ചേരാറുണ്ട്".

"അഞ്ചു ദിവസം പ്രാര്‍ത്ഥനകള്‍ക്കായി മാറ്റിവച്ച ശേഷം ദൈവത്തിന് സമയം നല്‍കുവാനുള്ള വിചിത്രമായ തീരുമാനത്തിലേക്കാണ് ജനം എത്തിച്ചേര്‍ന്നത്. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം തങ്ങള്‍ നശിച്ചുപോകുമെന്ന മുന്‍വിധിയോടെയാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. ആര്‍ക്കും പ്രത്യാശയുടെ ചെറുകണികകള്‍ പോലുമില്ല. എന്നാല്‍ ജനങ്ങളോട് ശക്തമായി സംസാരിച്ചതും, അവരുടെ ഹൃദയങ്ങളെ ദൈവ വിശ്വാസത്തിലേക്ക് മടക്കിയതും യൂദിത്ത് മാത്രമായിരിന്നു ". പരിശുദ്ധ പിതാവ് പറഞ്ഞു.

ദൈവത്തിനു മുന്നില്‍ നമ്മള്‍ വ്യവസ്ഥകള്‍ വയ്ക്കരുത്, പ്രത്യുത നമ്മുടെ ഭീതികളെ ജയിക്കാന്‍ പ്രത്യാശയെ നാം അനുവദിക്കണം. ദൈവത്തില്‍ ആശ്രയിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് അവിടുത്തെ പദ്ധതിയിലേക്ക് പൂര്‍ണ്ണമായും നമ്മേ സമര്‍പ്പിക്കുക എന്നതാണ്. നമ്മുടെ പ്രതീക്ഷകളില്‍ നിന്നെല്ലാം ഭിന്നമായ രീതിയിലായിരിക്കും അവി‌‍ടത്തെ സഹായം എത്തുക. യുവജനങ്ങളെയും രോഗികളെയും നവദമ്പതികളെയും അഭിവാദ്യം ചെയ്ത പാപ്പാ, വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ പ്രേഷിതപരമായ ശിഷ്യത്വം മാതൃകയായിരിക്കട്ടെയെന്നും തന്റെ പ്രസംഗത്തില്‍ ആശംസിച്ചു.


Related Articles »