News - 2025
ബൊളീവിയായിലും തെക്കന്‍ സുഡാനിലും രണ്ടു മിഷ്ണറിമാര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍ 27-01-2017 - Friday
സുക്രി: ബൊളീവിയായിലും തെക്കന്‍ സുഡാനിലുമായി സന്നദ്ധ പ്രവര്‍ത്തകരായ രണ്ടു സുവിശേഷകര്‍ കൊല്ലപ്പെട്ടു. പോളണ്ട് സ്വദേശിനിയായ ഹെലീന മൈക്ക് ആണ് ബോളിവിയായില്‍ കൊല്ലപ്പെട്ടത്. കോച്ചാബാംബ എന്ന പ്രദേശത്തെ കുട്ടികളെ ശുശ്രൂഷിക്കുന്ന കേന്ദ്രത്തില്‍ പങ്കാളിയായിരുന്ന സുവിശേഷ പ്രവര്‍ത്തകയായ ഹെലീന ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. കത്തികൊണ്ട് കുത്തേറ്റ നിരവധി പാടുകള്‍ ഹെലീനയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
മോഷണശ്രമത്തിനിടെ അക്രമികള്‍ ഹെലീനയെ കൊലപ്പെടുത്തുകയായിരിന്നുവെന്നാണ് പോലീസ് ഭാഷ്യം. ആക്രമണത്തില്‍ പങ്കെടുത്ത ചില പുരുഷന്‍മാരെ പോലീസ് പിടികൂടിയിട്ടുണ്ട്. കത്തോലിക്ക വിശ്വാസിയായ ലിനോ എന്ന സുവിശേഷപ്രവര്‍ത്തകയാണ് തെക്കന്‍ സുഡാനില്‍ കൊല്ലപ്പെട്ടത്. അക്രമികള്‍ കൊലപ്പെടുത്തിയ ആറു പേരില്‍ ഒരാളാണ് ലിനോ എന്ന് ഫാദര്‍ ജീസസ് അരാണ്ട 'ഫിഡസ് ന്യൂസി'നോട് പറഞ്ഞു.
കമ്പോണിയന്‍ മിഷ്‌നറി സമൂഹത്തിലെ അംഗമാണ് കൊല്ലപ്പെട്ട ലിനോ. കാഗോ കേജി എന്ന പ്രദേശത്തെ ദൗത്യത്തിനാണ് ലിനോ സുഡാനില്‍ എത്തിയിരിന്നത്. ക്രൈസ്തവരായ നിരവധി പേര്‍ രാജ്യത്തെ അക്രമികളുടെ ഭീഷണി ഭയന്ന് അയല്‍രാജ്യമായ ഉഗാണ്ടയുടെ അതിര്‍ത്തികളിലേക്ക് ദിവസവും പലായനം ചെയ്യുകയാണെന്നു മിഷ്ണറി വൈദികനായ ഫാദര്‍ ജീസസ് അരാണ്ട പറഞ്ഞു. തെക്കന്‍ സുഡാന്‍ സര്‍ക്കാരിനോട് ആഭിമുഖ്യമുള്ള അക്രമികളുടെ സംഘമാണ് ലിനോയെ കൊലപ്പെടുത്തിയത്.
